തിരുവനന്തപുരം: സംസ്ഥാനത്തെ ആദ്യ മോഡൽ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെയും എംപ്ലോയബിലിറ്റി സെന്ററിന്റെയും പ്രവർത്തനോദ്ഘാടനം കടകംപള്ളി മിനി സിവിൽ സ്റ്റേഷനിൽ മന്ത്രി വി. ശിവൻകുട്ടി നിർവഹിച്ചു. ഘട്ടംഘട്ടമായി എല്ലാ ജില്ലകളിലും മോഡൽ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകൾ സ്ഥാപിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. ചടങ്ങിൽ കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷതവഹിച്ചു.
സർക്കാരിന്റെ 100ദിന കർമ്മപരിപാടിയിൽ മോഡൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് പദ്ധതി ഉൾപ്പെടുത്തിയിരുന്നു. മോഡൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ സേവനങ്ങൾ യഥാസമയം ലഭ്യമാക്കുന്നതിന് ആധുനിക സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്.
മാതൃകാ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി രജിസ്ട്രേഷൻ നടപടികളിൽ വെരിഫിക്കേഷൻ ഉൾപ്പെടെയുള്ള സേവനങ്ങൾ ഏകജാലക സംവിധാനം വഴി നടപ്പിലാക്കാനാകും. ക്യുആർ കോഡോടുകൂടിയ സ്മാർട്ട് കാർഡ് രജിസ്ട്രേഷൻ സമയത്തു തന്നെ ഉദ്യോഗാർത്ഥികൾക്ക് ലഭ്യമാക്കും. വിവരങ്ങൾ അറിയാൻ ക്യുആർ കോഡ് സ്കാനർ മെഷീൻ സ്ഥാപിച്ചിട്ടുണ്ട്. സേവനങ്ങൾക്കായി ഓഫീസിലെത്തിച്ചേരുന്ന ഉദ്യോഗാർത്ഥികളുടെ സമയം ലാഭിക്കുന്നതിനായി ടോക്കൺ സിസ്റ്റവുമുണ്ട്. ഉദ്യോഗാർത്ഥികൾക്ക് ഒരേസമയം തന്നെ രജിസ്ട്രേഷൻ വിവരങ്ങൾ, സീനിയോറിട്ടി, തൊഴിൽ വിവരങ്ങൾ എന്നിവ മനസിലാക്കാൻ കിയോസ്ക് സംവിധാനവും ലഭ്യമാണ്. തൊഴിൽവകുപ്പ് സെക്രട്ടറി മിനി ആന്റണി, ജില്ലാ എംപ്ലോയ്മെന്റ് ഓഫീസർ റോസ് മേരി, കൗൺസിലർമാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.