hindhu

തിരുവനന്തപുരം: ' മതംമാറ്റം ഭയന്ന് പാകിസ്ഥാനിൽ നിന്ന് ജീവനുംകൊണ്ടോടുകയായിരുന്നു. അടിമയെപ്പോലെ പണിയെടുപ്പിക്കും, കൂലി തരില്ല, എതിർത്താൽ സ്വകാര്യജയിലിലടയ്ക്കും, ദ്രോഹിക്കും, പെൺകുട്ടികളെ തട്ടിക്കൊണ്ടുപോകും, ശരിയത്ത്നിയമം പാലിക്കുന്ന കോടതിയിൽ സത്യത്തിന് വിലയില്ല. '- പാകിസ്ഥാനിൽ നിന്ന് ഇന്ത്യയിലെത്തിയ ഭൂരാലാൽ പറഞ്ഞു. തിരുവനന്തപുരത്തെ ഹിന്ദുമഹാസമ്മേളനത്തിൽ പങ്കെടുക്കാനെത്തിയ പാക് ഹിന്ദുക്കളിലൊരാളാണ് ഭീൽ വംശജനായ ഭൂരാലാൽ.

അടുത്തിടെയാണ് ഇന്ത്യയിലെത്തിയ ഭൂരാലാൽ ഭാര്യയ്ക്കും മകനുമൊപ്പം ജയ്‌പൂരിലാണ് താമസം. ബന്ധുക്കൾ പലരും പാകിസ്ഥാനിലാണ്.

'അവിടെ ഹൈന്ദവ ചിഹ്നങ്ങളൊന്നും പൊതുഇടങ്ങളിൽ പാടില്ല. പൊട്ടു തൊടരുത്. കൈകളിൽ ചരടുകൾ കെട്ടരുത്. ദീപാവലിയോ ഹോളിയോ ആഘോഷിക്കാൻ പാടില്ല. ക്ഷേത്രഭൂമിയെല്ലാം കൈയേറിക്കഴിഞ്ഞു. ഹിന്ദുവാണെന്നറിഞ്ഞാൽ ബസിൽ നിന്നുപോലും ഇറക്കിവിടും. അല്ലെങ്കിൽ കൈയേറ്റം ചെയ്യും. മക്കൾക്ക് അച്ഛനമ്മമാർ പേരിടുന്നതു പോലും ശ്രദ്ധിച്ചാണ്. അജ്മൽ റാം, ഹക്കിം റാം തുടങ്ങിയ പേരുകളൊക്കെ പാക് ഹിന്ദുക്കളുടെ ഇടയിൽ പതിവാണ്. പേരിലെ ആദ്യം ഭാഗം ജീവൻ രക്ഷയ്ക്ക്. രണ്ടാമത്തേത് ധർമരക്ഷയ്ക്കും. സർക്കാർ ജോലിയും ഹിന്ദുക്കൾക്ക് നിഷിദ്ധം.'- ഭൂരാലാൽ പറഞ്ഞു.
ജയ്‌പൂരിലെ വ്യവസായിയും ഇന്ത്യയിലെ പാക്ഹിന്ദുക്കളുടെ അതിജീവനത്തിനായി പ്രവർത്തിക്കുന്ന നിമിത്തേകം സംഘടനയുടെ പ്രസിഡന്റുമായ ജയ് അഹൂജ, നിമിത്തേകം ചീഫ് കോ-ഓർഡിനേറ്റർ ചേതൻ കുമാർ ശർമ എന്നിവരും ഹിന്ദു യൂത്ത് കോൺക്ലേവിൽ പങ്കെടുത്തു.