തിരുവനന്തപുരം: സ്വാതന്ത്ര്യ സമരത്തെ ഉൾക്കൊള്ളാൻ കഴിയാത്തവരാണ് സ്വാതന്ത്ര്യ സമരചരിത്രം എഴുതിയതെന്നത് വിരോധാഭാസമാണെന്ന് പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകൻ ജെ. നന്ദകുമാർ പറഞ്ഞു. അനന്തപുരി ഹിന്ദുമഹാസമ്മേളനത്തിന്റെ രണ്ടാംദിന സമ്മേളനോദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം.

അഹിംസാ സമരത്തിലൂടെയാണ് സ്വാതന്ത്ര്യം ലഭിച്ചതെന്ന് സ്ഥാപിക്കാൻ സ്വാതന്ത്ര്യ സമരത്തിലെ വിപ്ലവകാരികളുടെ പങ്കിനെക്കുറിച്ച് ഏറെയൊന്നും എഴുതരുതെന്ന ചിലരുടെ താത്പര്യത്തിന്റെ ഫലമാണിത്. ഭാരതത്തിന്റെ ചരിത്രം നിവർന്നു നിന്ന് ലോകത്തോട് പറഞ്ഞിട്ടില്ല. പാടിപ്പുകഴ്‌ത്തപ്പെടാത്തവരുടെ ചരിത്രം കൂടി ലോകത്തോട് പറയാൻ കഴിയണം. ഭാരതത്തിന്റെ അടിസ്ഥാന പാരമ്പര്യത്തെ ഇകഴ്‌ത്തിക്കാട്ടിയ ചരിത്രരചനയാണ് നടന്നിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.

നരേന്ദ്രമോദി സർക്കാർ അധികാരത്തിൽ വന്ന ശേഷമാണ് രാജ്യം ഭീകരവാദത്തിനെതിരെ ശക്തമായ നിലപാട് എടുക്കാൻ തുടങ്ങിയതെന്ന് സൈനിക സ്‌പെഷ്യൽ ഫോഴ്സ് മുൻ ഓഫീസർ മേജർ സുരേന്ദ്ര പൂനിയ പറഞ്ഞു. രാജ്യത്തിനകത്ത് നിന്നുകൊണ്ട് രാഷ്ട്രത്തിനെതിരെ പ്രവർത്തിക്കുന്ന ഉപജാപകസംഘമുണ്ടെന്നും അദ്ദേഹം പറഞ്ഞു. തത്ത്വമയി ടിവി സി.ഇ.ഒ രാജേഷ് പിള്ള അദ്ധ്യക്ഷത വഹിച്ചു. വി.എച്ച്.പി സംസ്ഥാന ജനറൽ സെക്രട്ടറി രാജശേഖരൻ, അനന്തപുരി ഹിന്ദുമഹാസമ്മേളനം ചെയർമാൻ ചെങ്കൽ രാജശേഖരൻ, ശ്രീജിത്ത്, ഷാജു തുടങ്ങിയവർ സംസാരിച്ചു.