തിരുവനന്തപുരം: ട്രെയിൻ സ്റ്റേഷനിൽ നിറുത്തുന്നതിന് മുമ്പ് തെറിച്ചുവീണ് ഉത്തർപ്രദേശ് സ്വദേശിയായ യാത്രക്കാരന്റെ രണ്ട് കൈകളും അറ്റു. ഉത്തർപ്രദേശ് കാൻപൂർ സ്വദേശി ദിനേശ്കുമാറിനെയാണ് (31) ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്നലെ രാത്രി 10.30ഓടെ കേരള എക്‌സ്‌പ്രസ് പേട്ട സ്റ്റേഷനിലെത്തിയപ്പോഴായിരുന്നു സംഭവം. ട്രെയിനിന്റെ വാതിക്കൽ നിൽക്കുകയായിരുന്നു ദിനേശ് കുമാറും ഭാര്യ അഞ്ജുദേവിയും. ട്രെയിൻ നിറുത്തുന്നതിന് മുമ്പേ ഇദ്ദേഹം പുറത്തേക്ക് തെറിച്ചു വീഴുകയായിരുന്നുവെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ട്രെയിൻ നിന്നതോടെ സമീപത്തുണ്ടായിരുന്നവർ ഇയാളെ ട്രാക്കിൽ നിന്ന് പുറത്തെടുത്തു. സ്റ്റേഷന് സമീപത്തുണ്ടായിരുന്ന ടാക്‌സി ഡ്രൈവർ വിവരമറിച്ചതിനെ തുടർന്നത്തെത്തിയ 108 ആംബുലൻസിലാണ് ആശുപത്രിയിലെത്തിച്ചത്. ദിനേശും ഭാര്യയും കഴക്കൂട്ടത്തിന് സമീപം ചെടികളുടെ വ്യാപാരവുമായി ബന്ധപ്പെട്ട ആവശ്യത്തിനെത്തിയതെന്നാണ് വിവരം.