കാട്ടാക്കട: കിള്ളി പൊന്നറ റോഡിൽ നിർമ്മാണസാമഗ്രഹികൾ വിൽക്കുന്ന കടയിലേക്ക് സാധനങ്ങളുമായെത്തിയ ലോറി തൊഴിലാളികൾ തടഞ്ഞു. തുടർന്ന് പൊലീസ് എത്തി മൂന്ന് പേരെ അറസ്റ്റ് ചെയ്തു. തൊഴിൽ സംരക്ഷിക്കുക, എ.എൽ.ഒ നൽകിയ തൊഴിൽ കാർഡ് റദ്ദ് ചെയ്യുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് സി.ഐ.ടി.യു, ഐ.എൻ.ടി.യു.സി, ബി.എം.എസ്,എ.ഐ.ടി.യു.സി,യു.ടി.യു.സി യൂണിയനുകളാണ് സമരം നടത്തുന്നത്.
ഇതിനിടെയാണ് സ്ഥാപനത്തിലേക്ക് സാധനങ്ങളുമായെത്തിയ ലോറി തടഞ്ഞത്. പൊലീസ് സമരക്കാരോട് ലോറി കടന്നുപോകാൻ സംവിധാനം ഒരുക്കണമെന്ന് ആവശ്യപ്പെട്ടിട്ടും കൂട്ടാക്കാത്തതിനെ തുടർന്ന് പൊലീസ് ലാത്തി വീശി ഓടിച്ചു. സ്ഥാപനത്തിലേക്ക് എത്തുന്ന വാഹനങ്ങളും സമരക്കാർ കടത്തിവിടുന്നില്ല
എന്നാൽ ലേബർ നിയമ പ്രകാരമാണ് പ്രവർത്തനമെന്നും കോടതി ഉത്തരവിനെ തുടർന്നാണ് പ്രവർത്തനം തുടങ്ങിയതെന്നും ഉടമ പറയുന്നു. പത്ത് തൊഴിലാളിക്ക് സ്ഥിരം ജോലി നൽകി തൊഴിലാളികളുടെ അവകാശത്തെ സംരക്ഷിക്കാനും നിയമാനുസൃത കൂലി നൽകാൻ ഒരുക്കമാണെന്നും സ്ഥാപന ഉടമ സുദർശനൻ പറഞ്ഞു.
നോക്ക്കൂലി, നീക്ക് കൂലി, അടുക്ക് കൂലി എന്നിങ്ങനെയാണ് കൂലി ആവശ്യപ്പെടുന്നത് . അന്യായമായി ആവശ്യപ്പെടുന്ന തുകയോ ജോലി രീതികളോ അംഗീകരിക്കാനാകില്ലെന്നും നൽകുന്ന പണിക്കുള്ള കൂലി നൽകാൻ ഒരുക്കമാണെന്നും ഉടമ പറഞ്ഞു.