
മുടപുരം: ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വ്യത്യസ്‌തമായി കേരള മോഡൽ വികസന പ്രവർത്തനങ്ങളുമായി കേരളം മുന്നോട്ടുപോകുകയാണെന്ന് മന്ത്രി എം.വി. ഗോവിന്ദൻ പറഞ്ഞു. മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതി പ്രകാരം കേരളത്തിലെ എല്ലാ മണ്ഡലങ്ങളിലുമായി പൂർത്തീകരിച്ച 1200 റോഡുകളുടെ സംസ്ഥാനതല ഉദ്ഘാടനം അഴൂർ കോളിച്ചിറയിലെ മഞ്ചാടിമൂട് - കോളിച്ചിറ - മുടപുരം റോഡിൽ നിർവഹിക്കുകയായിരുന്നു മന്ത്രി.
വി. ശശി എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഹരിപ്രസാദ്, അഴൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആർ. അനിൽ, ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം. ജലീൽ, ചിറയിൻകീഴ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി. മുരളി, ജില്ലാ പഞ്ചായത്തംഗം ആർ. സുഭാഷ്, കയർഫെഡ് ചെയർമാൻ അഡ്വ.എൻ. സായികുമാർ, അഴൂർ ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സി. സുര, ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ എസ്.വി. അനിലാൽ, കെ. സിന്ധു, രാഖി, തദ്ദേശ സ്വയംഭരണവകുപ്പ് ചീഫ് എൻജിനിയർ കെ. ജോൺസൺ, തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ ബിനു ഫ്രാൻസിസ് എന്നിവർ പങ്കെടുത്തു.