s
ജർമനിയിലേക്ക് നഴ്സുമാരെ റിക്രൂട്ടു ചെയ്യുന്നതിന് നോർക്ക റൂട്ട്സും ജർമൻ ഫെഡറൽ എംപ്ലോയ്‌മെന്റ് ഏജൻസിയുമായി ഒപ്പു വച്ച ട്രിപ്പിൾവിൻ കരാറിന്റെ ഭാഗമായി ഷോർട്ടു ലിസ്റ്റു ചെയ്യപ്പെട്ട ഉദ്യോഗാർഥികളും ജർമൻ ഉദ്യോഗസ്ഥരുമായി നടന്ന ആശയവിനിമയ പരിപാടി നോർക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയർമാൻ പി.ശ്രീരാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു.

തിരുവനന്തപുരം: ജർമനിയിലും മറ്റ് യൂറോപ്യൻ രാജ്യങ്ങളിലും ആരോഗ്യരംഗത്തിന് പുറമേ മറ്റ് മേഖലകളിലും തൊഴിലവസരങ്ങൾ തേടിയുള്ള പ്രവർത്തനം വ്യാപിപ്പിക്കുമെന്ന് നോർക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയർമാൻ പി. ശ്രീരാമകൃഷ്ണൻ പറഞ്ഞു. ജർമനിയിലേക്ക് നഴ്സുമാരെ റിക്രൂട്ട് ചെയ്യുന്നതിന് നോർക്ക റൂട്ട്സും ജർമൻ ഫെഡറൽ എംപ്ലോയ്‌മെന്റ് ഏജൻസിയുമായി ഒപ്പു വച്ച ട്രിപ്പിൾ വിൻ കരാറിന്റെ ഭാഗമായി ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെട്ട ഉദ്യോഗാർത്ഥികളും ജർമ്മൻ ഉദ്യോഗസ്ഥരുമായി 'ഇൻസൈറ്റ് 2022" എന്ന പേരിൽ സംഘടിപ്പിച്ച ആശയവിനിമയ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിലെ മാനവ വിഭവശേഷിയെ ജർമനിക്ക് ആവശ്യമുണ്ടെന്ന് മുഖ്യപ്രഭാഷണം നടത്തിയ ജർമൻ ഫെഡറൽ എംപ്ലോയ്‌മെന്റ് ഏജൻസി ഡയറക്ടർ മാർക്കുസ് ബിർച്ചർ പറഞ്ഞു. ജർമൻ ഏജൻസി ഫോർ ഇന്റർനാഷണൽ കോ-ഓപ്പറേഷൻ പ്രതിനിധി ബജോൺ ഗ്രൂബർ,​ ജർമൻ ഓണററി കോൺസുൽ സയ്യിദ് ഇബ്രാഹീം തുടങ്ങിയവർ സംസാരിച്ചു. നോർക്ക റൂട്ട്സ് സി.ഇ.ഒ കെ. ഹരികൃഷ്ണൻ നമ്പൂതിരി സ്വാഗതവും ജനറൽ മാനേജർ അജിത് കോളശേരി നന്ദിയും പറഞ്ഞു.