തിരുവനന്തപുരം: പട്ടം ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂൾ ഇന്ന് വ്യത്യസ്‌തമായ യാത്രഅയപ്പിന് വേദിയാകും. പഠനത്തോടൊപ്പം കലാകായിക മേഖലകളിലും തങ്ങളെ മിടുക്കരാക്കിയ പ്രിയപ്പെട്ട അദ്ധ്യാപകൻ രത്നകുമാറിനാണ് പൂർവ വിദ്യാർത്ഥികൾ സ്‌നേഹാദരമേകുന്നത്.

ഇന്ന് ഉച്ചയ്‌ക്ക് 2.45 ന് പട്ടം പി.എസ്.സി ഓഫീസിനു മുന്നിൽ വച്ച് സൈക്കിൾ റാലിയുടെ അകമ്പടിയോടെ സൈക്ളിംഗ് താരം കൂടിയായ രത്നകുമാറിനെ സ്‌കൂളിലെ നെല്ലിമരച്ചുവട്ടിലേക്ക് ആനയിക്കും. 25 ഓളം പൂർവ വിദ്യാർത്ഥികൾ സൈക്കിൾ റാലിയിൽ പങ്കെടുക്കും. 1995 ൽ ഇടുക്കിയിൽ അദ്ധ്യാപകനായി ജോലി തുടങ്ങിയ രത്നകുമാർ 2003ലാണ് ജ്യോഗ്രഫി അദ്ധ്യാപകനായി ഇവിടെയെത്തിയത്. ഇടക്കാലത്ത് മറ്റൊരു സ്‌കൂളിലായിരുന്നു. 2007ൽ പ്രിൻസിപ്പൽ ഇൻ ചാർജായി രത്നകുമാർ വീണ്ടും പട്ടം ഗേൾസിലെത്തി. 2003 മുതലുള്ള പൂർവവിദ്യാർത്ഥികൾ തങ്ങളുടെ പ്രിയ അദ്ധ്യാപകനെ യാത്രയാക്കാൻ നെല്ലിമരച്ചുവട്ടിൽ ഒത്തുചേരും.

സ്‌കൂളിന്റെ പുരോഗതിക്ക് നേതൃത്വം നൽകിയ വ്യക്തി കൂടിയാണ് രത്നകുമാർ. സ്‌കൂൾ കെട്ടിട നവീകരണ വേളയിൽ മുറിച്ചുമാറ്റാൻ ഒരുങ്ങിയ നെല്ലിമരത്തെ സ്‌കൂളിന്റെ മുന്നിൽ പറിച്ചുനട്ടതിന്റെ ഓർമ്മയ്‌ക്കാണ് ആ തണലിൽ ചടങ്ങ് നടത്തുന്നത്. രത്നകുമാർ പ്രിൻസിപ്പലായിരിക്കെ മാസത്തിൽ ഒരു ശനിയാഴ്‌ച കുട്ടികൾക്കായി കലാപരിപാടികൾ സംഘടിപ്പിക്കുമായിരുന്നു. വേനലവധിക്കാലത്ത് കുട്ടികൾക്കായി നാടകക്യാമ്പ് നടത്തിയതും പെൺകുട്ടികളെ ധൈര്യശാലികളാക്കാൻ എൻ.സി.സി തുടങ്ങിയതുമൊക്കെ രത്നകുമാറിന്റെ നേതൃത്വത്തിലായിരുന്നു.