vld-1

വെള്ളറട: പൊതു വിദ്യാഭ്യാസ മേഖലയിൽ പിന്നോക്ക ക്ഷേമ വകുപ്പിന്റെ ഫണ്ട് വിനിയോഗം ആലോചനയിലാണെന്ന് മന്ത്രി കെ. രാധാകൃഷ്ണൻ പറഞ്ഞു. കുട്ടമല ഗവ. യു.പി സ്കൂളിലെ പുതിയ കെട്ടിടത്തിന്റെ നിർമ്മാണ പ്രവർത്തനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സി.കെ. ഹരീന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം രാധിക, പെരുങ്കടവിള ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലാൽ കൃഷ്ണൻ,​ അമ്പൂരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വത്സല രാജു,​ ത്രിതല പഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവർ സംസാരിച്ചു.

യോഗത്തിൽ 80 വർഷം മുൻപ് 1.3 ഏക്കർ ഭൂമി സൗജന്യമായി സ്കൂളിന് വിട്ടുനൽകിയ ജാനകി കാണിക്കാരിയുടെ മകൾ വേലമ്മ കാണിക്കാരിയെ ആദരിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 50 ലക്ഷം രൂപ ചെലവഴിച്ച് 1753 ചതുരശ്ര അടി വിസ്തീർണത്തിൽ രണ്ട് സ്മാർട്ട് ക്ളാസ് റൂമുകളും ടോയ്‌ലെറ്റുമാണ് നിർമ്മിക്കുന്നത്. 6 മാസത്തിനുള്ളിൽ നിർമ്മാണം പൂർത്തിയാക്കും.