ബിഷപ്പിന്റെ നടപടിക്കെതിരെ പ്രതിഷേധം
തിരുവനന്തപുരം: പാളയം എൽ.എം.എസ് കോമ്പൗണ്ടിലെ ചരിത്ര പ്രാധാന്യമുള്ള മെറ്റീർ മെമ്മോറിയൽ (എം.എം) ചർച്ചിനെ കത്തീഡ്രലായി സി.എസ്.ഐ മോഡറേറ്റർ ഡോ.എ. ധർമ്മരാജ് റസാലം പ്രഖ്യാപിച്ചു. നാടകീയ നീക്കങ്ങൾക്കൊടുവിലാണ് പള്ളിയെ കത്തീഡ്രലാക്കി മാറ്റി പൊലീസ് കാവലിൽ ബോർഡ് സ്ഥാപിച്ചത്. ഒരുവിഭാഗം വിശ്വാസികളുടെ എതിർപ്പ് തള്ളിക്കൊണ്ടായിരുന്നു പ്രഖ്യാപനം.
ഇന്നലെ രാവിലെ ഏഴോടെയാണ് ധർമ്മരാജ് റസാലത്തിന്റെയും സി.എസ്.ഐ കേരള ബിഷപ്‌സ് കൗൺസിൽ സെക്രട്ടറി ബിഷപ്പ് ഉമ്മൻ ജോർജിന്റെയും നേതൃത്വത്തിലെത്തിയ സഭാധികാരികൾ പള്ളിക്കുള്ളിൽ പ്രവേശിച്ചത്. പിൻവശത്തെ ഗേറ്റ് തകർത്താണ് ഇവർ അകത്തുകയറിയത്. ജെ.സി.ബി ഉൾപ്പെടെയുള്ളവ കൊണ്ടുവന്നായിരുന്നു നടപടികൾ. പള്ളിയെ മോചിപ്പിച്ചെന്നാണ് കത്തീഡ്രലാക്കി പ്രഖ്യാപിച്ചുകൊണ്ട് ബിഷപ്പ് പറഞ്ഞത്. പള്ളിയെ എം.എം.സി.എസ്.ഐ കത്തീഡ്രലെന്ന് പുനർനാമകരണം ചെയ്‌തു. പ്രഖ്യാപനത്തിനുശേഷം പുറത്തെത്തിയ ബിഷപ്പിനെതിരെ പ്രതിഷേധക്കാർ കൂകിവിളിച്ചു.
സ്ത്രീകളും പ്രായമായവരും ഉൾപ്പെടെയുള്ള പ്രതിഷേധക്കാർ റോഡിൽ കുത്തിയിരുന്നാണ് പ്രതിഷേധിച്ചത്. തടയാൻ ശ്രമിച്ചത് സംഘർഷാവസ്ഥയിലേക്ക് നയിച്ചു. നിലവിലെ ഭരണസമിതി പിരിച്ചുവിട്ട ധർമ്മരാജ റസാലം പുതിയ 20അംഗ അഡ്ഹോക് കമ്മിറ്റിയേയും പുതിയ വൈദികരെയും പ്രഖ്യാപിച്ചു. ഫാ.ദേവരാദ്, ഫാ.വിൻസന്റ് റസിലയ്യൻ, ഫാ.സന്തോഷ് കുമാർ, ഫാ.രോഹൻ, ഫാ.സജി എൻ. സ്റ്റുവർട്ട് എന്നിവരെയാണ് കത്തീഡ്രലിന്റെ പൗരോഹത്യ ശുശ്രൂഷകളിലേക്ക് പുതുതായി നിയമിച്ചത്. ചട്ടപ്രകരമാണ് നടപടികളെന്ന് ബിഷപ്പ് വിശദീകരിക്കുമ്പോൾ പള്ളിയുടെ സ്വത്ത് തട്ടിയെടുക്കാനാണ് ശ്രമമെന്നാണ് എതിർഭാഗത്തിന്റെ ആരോപണം.
സി.എസ്.ഐ ദക്ഷിണ കേരള മഹായിടവകയ്‌ക്ക് കീഴിലാണ് 2500ലേറെ കുടുംബങ്ങളുള്ള എം.എം പള്ളി. പള്ളിക്കമ്മിറ്റിക്കായിരുന്നു ഭരണ ചുമതല. മാസം ലക്ഷങ്ങളാണ് പള്ളിയിലെ വരുമാനം. ബിഷപ്പ് ഹൗസിന് സമീപം സ്ഥിതിചെയ്യുന്ന പള്ളി കത്തീഡ്രലാകുന്നതോടെ സാമ്പത്തിക ഇടപാടുകളിൽ ഉൾപ്പെടെ പൂർണചുമതല ബിഷപ്പിനായിരിക്കും. പള്ളിയോടനുബന്ധിച്ചുള്ള ടി.ജെ.എം ഹാളിൽ നിന്നുള്ള വരുമാനത്തിൽ മഹായിടവകയ്‌ക്ക് അർഹതപ്പെട്ട 40 ശതമാനം തുക വർഷങ്ങളായി നൽകിയിട്ടില്ലെന്നാണ് ബിഷപ്പ് അനുകൂലികൾ ആരോപിക്കുന്നത്. കത്തീഡ്രലാകുന്നതോടെ പള്ളിഭരണം കൂടുതൽ സുതാര്യമാകുമെന്നും ഇവർ പറയുന്നു.
ജനുവരി 17ന് പള്ളിയെ കത്തീഡ്രലാക്കാൻ ബിഷപ്പ് തീരുമാനമെടുത്തിരുന്നു. പള്ളിക്കമ്മിറ്റിയുടെ എതിർപ്പിനെ തുടർന്നാണ് തീരുമാനം നടപ്പാക്കാൻ നാലുമാസം നീണ്ടത്. 2009ൽ പള്ളിയെ കത്തീഡ്രലാക്കാൻ അന്നത്തെ ബിഷപ് ജെ.ഡബ്ലിയു. ഗ്ലാഡ്സ്റ്റൺ തീരുമാനിച്ചെങ്കിലും കനത്ത പ്രതിഷേധത്തെ തുടർന്ന് നടപ്പായില്ല. പതിനാറര ഏക്കറിൽ സ്ഥിതിചെയ്യുന്ന പള്ളിയെ പുരാവസ്‌തുവകുപ്പ് പൈതൃക പട്ടികയിലും ഉൾപ്പെടുത്തിയിട്ടുണ്ട്.