
കിളിമാനൂർ:കലാകാരന്മാർക്ക് താമസിച്ച് ചിത്ര, ശില്പ നിർമാണം നടത്തുന്നതിനായി കേരള ലളിതകലാ അക്കാഡമി കിളിമാനൂർ രാജാ രവിവർമ സാംസ്‌കാരിക നിലയത്തിൽ നിർമ്മിച്ച ആർട്ടിസ്റ്റ് റസിഡൻസി സ്റ്റുഡിയോ തുറന്നു. രാജാ രവിവർമയുടെ 174-ാം ജന്മദിനത്തിലാണ് സ്റ്റുഡിയോ കലാകാരന്മാർക്കായി തുറന്ന് കൊടുത്തത്. സ്റ്റുഡിയോയുടെ ഉദ്ഘാടനം മന്ത്രി സജി ചെറിയാൻ നിർവഹിച്ചു. വിദേശികളെ വരെ ആകർഷിക്കുന്ന വിധത്തിൽ കൂടുതൽ സംവിധാനങ്ങളും സൗകര്യങ്ങളും രാജാ രവിവർമ സാംസ്‌കാരിക നിലയത്തിൽ ഒരുക്കുമെന്ന് അദ്ദേഹം പറഞ്ഞു. തുടർന്ന് നടന്ന പൊതുസമ്മേളനം ഒ.എസ്.അംബിക എം.എൽ.എ ഉദ്ഘാടനം ചെയ്തു.
ലളിതകലാ അക്കാഡമി ചെയർപേഴ്സൺ മുരളി ചീരോത്ത് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന നിർമിതി കേന്ദ്രം റിജിയണൽ എൻജിനീയർ ബൈജു എസ്, ഗവ.കോൺട്രാക്ടർ നന്ദു സി.ജി എന്നിവരെ ചടങ്ങിൽ ആദരിച്ചു. കിളിമാനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.ആർ.മനോജ്, ലളിതകലാ അക്കാഡമി സെക്രട്ടറി എൻ.ബാലമുരളീകൃഷ്ണൻ, ലളിതകലാ അക്കാഡമി മുൻ ചെയർമാൻ നേമം പുഷ്പരാജ്, രാജാ രവിവർമ കൾച്ചറൽ സൊസൈറ്റി സെക്രട്ടറി എം.ഷാജഹാൻ, കിളിമാനൂർ കൊട്ടാരം പ്രതിനിധി ബിജു രാമവർമ തുടങ്ങിയവർ സംസാരിച്ചു. രാജാ രവിവർമ ആർട്ട് ഗാലറിയോട് ചേർന്ന് ആധുനിക സംവിധാനങ്ങളോടെയാണ് കേരളീയ വാസ്തുശൈലിയിലുള്ള ഇരുനിലക്കെട്ടിടം ഒരുക്കിയിരിക്കുന്നത്.