
പാറശാല: കാലാവസ്ഥ വ്യതിയാനത്തെ തുടർന്ന് മരിച്ചീനിയെ ബാധിക്കുന്ന അജ്ഞാത രോഗം കാരണം കർഷകർ ഭീതിയിൽ. പാറശാല ബ്ലോക്കിലെ പരശുവയ്ക്കൽ വില്ലേജിൽപ്പെട്ട പുഷ്പകുമാർ, ക്രിസ്തു ദാസ്, അനിൽ കുമാർ, ദേവരാജൻ എന്നിവരുടെ മരച്ചീനി കൃഷിക്കാണ് അജ്ഞാത രോഗം പിടിപെട്ടത്.
അവിടവിടെയായി മരച്ചീനിയുടെ ഇലകൾ മുരടിക്കുകയും തുടർന്ന് ചെടികൾ വാടി നശിക്കുകയുമാണ്. വിവരം അറിഞ്ഞ് കേന്ദ്ര കിഴങ്ങുവിള ഗവേഷണ സ്ഥാപനത്തിലെ വിള കീടരോഗ നിയന്ത്രണ വിഭാഗം മേധാവി ഡോ.എം.എൽ.ജീവയുടെ നേതൃത്വത്തിലുള്ള സംഘം മരച്ചീനി തോട്ടങ്ങൾ സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. സി.ടി.സി.ആർ.ഐ പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ.എസ്.എസ്. വീണ, സീനിയർ സയന്റിസ്റ്റുമാരായ ഡോ.കേശവകുമാർ, ഡോ.ഇ.ആർ.ഹരീഷ്, സി.ടി.സി.ആർ.ഐ സീനിയർ ടെക്‌നീഷ്യൻമാരായ ഡി.ടി.രജിൻ,ടി.എം.ഷിനിൽ, കൃഷി ഓഫീസർ ലീന.എ.ടി എന്നിവർ ഒപ്പമുണ്ടായിരുന്നു.