photo1

പാലോട്: കുശവൂർ ജംഗ്ഷനിൽ സ്വകാര്യബസ് ബൈക്കിലിടിച്ച് ഒരാൾക്ക് പരിക്കേറ്റു. പെരിങ്ങമ്മലയിൽ നിന്ന് പാലോട്ടേക്ക് വന്ന ബൈക്കും കല്ലറയിൽ നിന്ന് പാലോട്ടേക്ക് വന്ന ബസുമാണ് അപകടത്തിൽപ്പെട്ടത്. ട്രാഫിക്ക് ഐലൻഡ് ചുറ്റി ബസ് തിരുവനന്തപുരം റോഡിൽ പാർക്ക് ചെയ്യാനുള്ള ശ്രമത്തിനിടെയാണ് അപകടം.

ബൈക്ക് വരുന്നത് ബസ് ഡ്രൈവറുടെ ശ്രദ്ധയിൽപ്പെടാത്തതാണ് അപകട കാരണമെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് ബസിന്റെ ബോഡിയിൽ കുരുങ്ങിയ ബൈക്ക് പുറത്തെടുത്തത്. നിസാര പരിക്കേറ്റ പാപ്പനംകോട് ഷഫീക് മൻസിലിൽ ഷെഫീക്കിനെ ( 44 ) പാലോട് സി.എച്ച്.സിയിൽ പ്രവേശിപ്പിച്ചു. പാലോട് ജംഗ്ഷനിലെ തിരക്കുകാരണം വലിയ വാഹങ്ങൾ ട്രാഫിക് ഐലൻഡ് ചുറ്റിത്തിരിയുന്നതിന് പൊലീസ് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നെങ്കിലും പല വാഹനങ്ങളും ജംഗ്ഷനിലെത്തി തിരിയുന്നെന്നാണ് പരാതി.