കഴക്കൂട്ടം: പേട്ട - ആനയറ - ഒരുവാതിൽകോട്ട റോഡ് വികസനം ഉടനെന്ന് കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ പറഞ്ഞു. പദ്ധതിക്ക് ആവശ്യമായ ഭൂമി ഏറ്റെടുക്കൽ പൂർത്തിയായി. ഭൂമിയുടെ വില സംബന്ധിച്ച് സർക്കാരും ഭൂ ഉടമകൾ തമ്മിലുണ്ടാക്കിയ ധാരണ സംസ്ഥാന സർക്കാർ അംഗീകരിച്ച് ഉത്തരവിറക്കി. 133 കോടി രൂപയുടെ കിഫ്ബി പദ്ധതിയാണ് യാഥാർത്ഥ്യമാകുന്നത്.
ഏറ്റെടുക്കുന്ന ഭൂമി മൂന്ന് വിഭാഗങ്ങളായി തിരിച്ചാണ് വില നിശ്ചയിച്ചത്. എ വിഭാഗത്തിൽ ഉൾപ്പെടുന്ന ഭൂമിക്ക് സെന്റൊന്നിന് 21.85 ലക്ഷം രൂപയും ബി. വിഭാഗത്തിൽ സെന്റൊന്നിന് 20.58 ലക്ഷം രൂപയും സി. വിഭാഗത്തിൽ സെന്റൊന്നിന് 19.56 ലക്ഷം രൂപ എന്നിങ്ങനെയാണ് ധാരണ.
പൊളിച്ചു മാറ്റേണ്ടിവരുന്ന കെട്ടിടങ്ങൾ, മതിൽ തുടങ്ങിയവയുടെ നഷ്ടപരിഹാരമുൾപ്പെടെയുള്ള തുക ഭൂഉടമയ്ക്ക് കൈമാറും. രണ്ട് സ്‌ട്രെച്ചുകളിലുമായി 3.8 കിലോ മീറ്ററാണ് മാതൃകാ റോഡിന്റെ ആകെ നീളം. പേട്ട റെയിൽ ഓവർബ്രിഡ്ജ് മുതൽ വെൺപാലവട്ടം വരെ 14 മീറ്റർ വീതിയിലും വെൺപാലവട്ടം മുതൽ ദേശീയപാത ബൈപ്പാസ് സർവീസ് റോഡുവരെ 12 മീറ്റർ വീതിയിലുമാണ് നിർമ്മാണം.