നെടുമങ്ങാട്: യാത്രയ്‌ക്കിടയിൽ ഹൃദയാഘാതത്തെ തുടർന്ന് ബസിൽ അബോധാവസ്ഥയിലായ യാത്രക്കാരിയെ കൃത്യസമയത്ത് ആശുപത്രിയിലെത്തിച്ച് കെ.എസ്.ആർ.ടി.സി ജീവനക്കാർ മാതൃകയായി. നെടുമങ്ങാട് ട്രാൻ. ഡിപ്പോയിലെ ഡ്രൈവർ മഞ്ച സ്വദേശി എ. സലിം, കണ്ടക്‌ടർ വാണ്ട സ്വദേശി ആർ. രാജേഷ് എന്നിവരാണ് മന്നൂർക്കോണം സ്വദേശിനിയായ യാത്രക്കാരിയുടെ ജീവൻ രക്ഷിച്ചത്. കഴിഞ്ഞ 27 ന് രാവിലെ മന്നൂർക്കോണത്ത് നിന്ന് കിഴക്കേകോട്ടയിലേക്ക് പുറപ്പെട്ട ബസിലെ യാത്രക്കാരിക്കാണ് ഇവരുടെ മനഃസാന്നിദ്ധ്യത്തിൽ ജീവൻ തിരിച്ചുകിട്ടിയത്. കിഴക്കേകോട്ട സ്റ്റാൻഡിൽ ബസ് എത്തിയിട്ടും എഴുന്നേൽക്കാത്തതിനെ തുടർന്ന് നോക്കിയപ്പോഴാണ് 42കാരിയായ വീട്ടമ്മ അബോധാവസ്ഥയിലാണെന്ന് മനസിലായത്. ആംബുലൻസ് ലഭിക്കാതെ വന്നപ്പോൾ ബസ്സിൽ തന്നെ ജനറൽ ആശുപത്രിയിലെത്തിക്കുകയായിരുന്നു. കണ്ടക്‌ടർ അറിയിച്ചതിനെ തുടർന്ന് പൊലീസ് കൺട്രോൾ റൂമിൽ നിന്നുള്ള നിർദ്ദേശമനുസരിച്ച് ഗതാഗത തടസമൊഴിവാക്കാൻ റോഡിൽ പൊലീസുകാരും സജ്ജമായി. മിനിറ്റുകൾക്കകം യാത്രക്കാരിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പെട്ടെന്ന് എത്തിച്ചതുകൊണ്ടാണ് രോഗിയുടെ ജീവൻ രക്ഷിക്കാനായതെന്ന് ഡോക്‌ടർമാർ പറഞ്ഞു. വീട്ടമ്മയുടെ ബന്ധുക്കൾ രക്ഷകരായ ജീവനക്കാരെയും ഡിപ്പോ അധികൃതരെയും നേരിൽക്കണ്ട് നന്ദി അറിയിച്ചു. 2008 മുതൽ കെ.എസ്.ആർ.ടി.സിയിൽ ജോലി ചെയ്യുകയാണ് രാജേഷും സലീമും.