സ്വകാര്യ ഏജൻസിക്ക് സുരക്ഷാചുമതല
ഇന്നത്തെ ആരാധന തടയുമെന്ന് മുന്നറിയിപ്പ്
തിരുവനന്തപുരം: പാളയം മെറ്റീർ മെമ്മോറിയൽ (എം.എം) ചർച്ചിനെ കത്തീഡ്രലാക്കിയതിനെ തുടർന്നുളള വിവാദങ്ങൾക്കിടെ വെളളിയാഴ്‌ച രാത്രി എൽ.എം.എസ് കോമ്പൗണ്ടിനുളളിലെ പഴയ കത്തീഡ്രൽ ഇടിച്ചുകളഞ്ഞു. പഴയ കത്തീഡ്രലിൽ നൂറോളം കുടുംബങ്ങൾ പ്രാർത്ഥന നടത്തിയിരുന്നു. എം.എം ചർച്ച് പുതിയ കത്തീഡ്രലായതോടെ ഈ കുടുംബങ്ങൾ ഇവിടെ പ്രാർത്ഥന നടത്തുമെന്ന് അറിയിച്ചെന്നും അതിനാലാണ് പഴയ കത്തീഡ്രൽ ഇടിച്ചതെന്നും സഭാ സെക്രട്ടറി ഡോ. പ്രവീൺ അറിയിച്ചു. പഴയ കത്തീഡ്രലിലുണ്ടായിരുന്ന സുപ്രധാന രേഖകളടക്കം മാറ്റിയെന്നാണ് ബിഷപ്പിനെ എതിർക്കുന്നവരുടെ ആരോപണം. കത്തീഡ്രൽ ഇടിച്ചിടത്ത് ഷോപ്പിംഗ് കോംപ്ലക്‌സ് പണിയാൻ പദ്ധതിയുണ്ടെന്നും ഇവർ ആരോപിക്കുന്നു.
എം.എം ചർച്ച് കത്തീഡ്രൽ ആയതിന് ശേഷമുളള ആദ്യ ഞായറാഴ്‌ചയായ ഇന്ന് ബിഷപ്പ് ധർമ്മരാജ് റസാലത്തിന്റെ നേതൃത്വത്തിൽ ആരാധന നടക്കും. ആരാധന തടയുമെന്ന് പ്രതിഷേധക്കാർ മുന്നറിയിപ്പ് നൽകി. സഭ സെക്രട്ടറിയെ അടക്കം തടയുമെന്നാണ് ഭീഷണി. പൊലീസ് സുരക്ഷയോടെയാകും ഇന്നത്തെ ചടങ്ങുകൾ. കത്തീഡ്രലിന്റെ സുരക്ഷ ചുമതല അധികൃതർ സ്വകാര്യ ഏജൻസിക്ക് കൈമാറി. ഇതിനിടെ പിന്തുണ ഉറപ്പിക്കാനായി ബിഷപ്പ് ധർമ്മരാജ് റസാലം ഇന്നലെ സഭയിലെ എല്ലാ വൈദികരുടേയും യോഗം വിളിച്ചുകൂട്ടി.
ഓഡിറ്റിന് കണക്കുകൾ നൽകിയില്ല: ബിഷപ്പ്
പള്ളിയിൽ മുൻകാലങ്ങളിൽ നടന്നത് നിയമവിരുദ്ധ പ്രവർത്തനങ്ങളായിരുന്നെന്ന് ബിഷപ്പ് ധർമ്മരാജ് റസാലം കേരളകൗമുദിയോട് പറഞ്ഞു. 25 വർഷത്തോളമായി പത്തോ പതിനഞ്ചോ കുടുംബങ്ങളിലെ അംഗങ്ങളാണ്
ആവർത്തിച്ച് ഭരണം നടത്തിയിരുന്നത്. എം.എം ചർച്ചിൽ ഇതര സി.എസ്.ഐ ഇടവകാംഗങ്ങളുടേത് ഉൾപ്പെടെ നിരവധി വിവാഹങ്ങൾ നടക്കുന്നുണ്ട്.
ഒരു മണിക്കൂർ നീളുന്ന വിവാഹത്തിന് 35,000 രൂപവരെയാണ് ഈടാക്കിയിരുന്നത്. ഷോപ്പിംഗ് കോംപ്ലക്‌സ് വാടക, സെമിത്തേരി ഫണ്ട് തുടങ്ങിയവയിൽനിന്ന് മഹായിടവക ട്രഷറിയിൽ അടയ്ക്കേണ്ട ആനുപാതിക തുക നൽകാതെ പുതിയ ബാങ്ക് അക്കൗണ്ടുകൾ ആരംഭിച്ച് നിയമലംഘനം നടത്തി. മഹായിടവക ആവശ്യപ്പെട്ടിട്ടും ഓഡിറ്റിന് കണക്കുകൾ നൽകിയില്ല. ഇതുസംബന്ധിച്ച് മുൻ ഹൈകോടതി ജഡ്ജിയുടെ മേൽനോട്ടത്തിൽ അന്വേഷണത്തിന് ഉത്തരവായിട്ടുണ്ടെന്നും ബിഷപ്പ് പറഞ്ഞു.