
കല്ലമ്പലം: നാവായിക്കുളം ശങ്കരനാരായണസ്വാമി ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് പടിഞ്ഞാറെ നടയിൽ സ്ഥാപിച്ച നാലുനില ഗോപുരം കാണികൾക്ക് വിസ്മയ കാഴ്ചയായി. ഭക്തരെ ആകർഷിക്കുന്ന രീതിയിൽ തൃശൂർ പൂരത്തിന് വടക്കുംനാഥാ ക്ഷേത്രത്തിലും പാറമേക്കാവിലും കെട്ടുന്ന അതേ മാതൃകയിലാണ് ഗോപുരം ഒരുക്കിയിട്ടുള്ളത്. ദേശീയപാതയിൽ ക്ഷേത്രത്തിന് പടിഞ്ഞാറേനടയിലാണ് വിസ്മയ കാഴ്ച. എതുക്കാട് ബ്രോസിന്റെ നേതൃത്വത്തിലാണ് ഗോപുരം. ഗോപുരത്തിന് 72അടി ഉയരവും 25അടി വീതിയുമുണ്ട്. മൂന്നര ലക്ഷം രൂപയാണ് ഇതിന്റെ ചെലവ്. ഇരുപതോളം പേർ ഏഴു ദിവസം രാത്രിയും പകലും പണിചെയ്താണ് ഗോപുരം പൂർത്തിയാക്കിയത്. അടക്ക, മുള, കയർ എന്നിവ മാത്രം ഉപയോഗിച്ചാണ് നിർമാണം. തൃശൂർ ചെറുതുരുത്തി സ്വദേശി പി.എം.നൗഷാദാണ് നിർമ്മാണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്. ഉത്സവത്തോടനുബന്ധിച്ച് ക്ഷേത്രത്തിന്റെ നാല് ചുറ്റും അലങ്കാര ദീപ കാഴ്ചയ്ക്കായി 15 ലക്ഷത്തോളം രൂപയാണ് ചിലവ്.