chennithala

തിരുവനന്തപുരം: മുമ്പ് നഖശിഖാന്തം എതിർത്ത 'മോഡൽ' കണ്ടുപഠിക്കാൻ സംസ്ഥാനത്തെ ഏറ്റവും ഉന്നതനായ ഉദ്യോഗസ്ഥനെ ഗുജറാത്തിലേക്കയച്ചത് ഇക്കാലമത്രയും ഇവിടെ നിലനിന്നിരുന്ന സി.പി.എം- ബി.ജെ.പി അവിശുദ്ധ ബന്ധത്തിന്റെ തുടർച്ച മാത്രമാണെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

വികസനത്തിന്റെയല്ല, സംഘപരിവാറിന്റെ വർഗീയവിഭജനത്തിന്റെ പണിശാലയിലെ ഡാഷ്‌ബോർഡ് കണ്ടുപഠിക്കാനാണ് സി.പി.എമ്മും പിണറായി വിജയനും സർക്കാർ സംവിധാനത്തെ ഉപയോഗിച്ചത്. ഇതിനും മുമ്പും എത്രയോ വട്ടം സംഘപരിവാറുമായി കൈകോർത്ത് മോദിയെ പുണരുന്ന സി.പി.എമ്മിനെയും പിണറായി വിജയനെയുമാണ് കാണുന്നത്.

ചെങ്ങന്നൂരിലും ആറന്മുളയിലും സി.പി.എമ്മിനെ സഹായിക്കുന്നതിന് പ്രത്യുപകാരമായി കോന്നിയിൽ ബി.ജെ.പി.ക്ക് സി.പി.എം സഹായം ചെയ്യുമെന്നതാണ് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലെ ഡീൽ എന്ന് ആർ.എസ്.എസ്. മുഖപത്രമായ ഓർഗനൈസറിന്റെ മുൻ പത്രാധിപരായിരുന്ന ആർ. ബാലശങ്കർ പറഞ്ഞിരുന്നു. 1977ൽ കെ.ജി മാരാരെ ഉദുമയിൽ സ്ഥാനാർത്ഥിയാക്കിയതിൽ സി.പി.എമ്മിന്റെ പങ്ക് നിഷേധിക്കാനാകാത്ത ചരിത്ര യാഥാർത്ഥ്യമാണ്.