
തിരുവനന്തപുരം: മെഡിക്കൽ കോളേജ് ആശുപത്രിയിലെ 40ലധികം വകുപ്പുകളിലായി നിത്യേനയെത്തുന്ന നാലായിരത്തോളം വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിന് മെഡിക്കൽ കോളേജ് മാസ്റ്റർ പ്ലാനിൽ കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തുമെന്ന് ട്രാഫിക് അസി.കമ്മിഷണർ മനുഷ്യാവകാശ കമ്മിഷനെ അറിയിച്ചു. 720 കോടി രൂപ ചെലവിലുള്ള വികസന പ്രറവർത്തനങ്ങളാണ് മാസ്റ്റർ പ്ലാനിലുള്ളത്. മെഡിക്കൽ കോളേജിലെ അനധികൃത പാർക്കിംഗ് ഒഴിവാക്കാൻ കോളേജ് അധികൃതരും പൊലീസും നടപടികൾ സ്വീകരിക്കണമെന്ന് കമ്മിഷൻ അദ്ധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക്ക് ആവശ്യപ്പെട്ടു. അത്യാഹിത വിഭാഗം പ്രധാന റോഡിലേക്ക് മാറ്റിയതിനാൽ ആംബുലൻസ് ഉൾപ്പെടെയുള്ള വാഹനങ്ങൾക്ക് പ്രവേശിക്കാൻ തടസമില്ല. മെഡിക്കൽ കോളേജ് ട്രാഫിക് സിഗ്നൽ മുതൽ അമ്മയും കുഞ്ഞും പ്രതിമ വരെയുള്ള റോഡിന്റെ ഇരുവശങ്ങളിലുമുള്ള പാർക്കിംഗ് ഒഴിപ്പിച്ചിട്ടുണ്ട്. മെഡിക്കൽ കോളേജ് കാമ്പസ് റോഡിൽ സ്ഥാപിച്ചിരിക്കുന്നത് താത്ക്കാലിക ഡിവൈഡറുകളാണെന്നും ട്രാഫിക് പൊലീസിന്റെ റിപ്പോർട്ടിൽ പറയുന്നു. രാഗം റഹിം സംർപ്പിച്ച പരാതിയിലാണ് നടപടി.