kovalam

കോവളം: വെള്ളായണി കായൽ ശുചീകരണപ്രവർത്തനങ്ങൾക്ക് അദാനി ഫൗണ്ടേഷന്റെ കൈത്താങ്ങ്. അദാനി വിഴിഞ്ഞം തുറമുഖത്തിന്റെ സാമൂഹ്യപ്രതിബദ്ധത പദ്ധതികളുടെ ഭാഗമായാണ് അദാനി ഫൗണ്ടേഷൻ, വെങ്ങാന്നൂർ ഗ്രാമപഞ്ചായത്ത്, നീർത്തടാകം പരിസ്ഥിതി സംഘടന, വിവിധ സാമൂഹ്യ സംഘടനകൾ എന്നിവരുടെ നേതൃത്വത്തിൽ വെള്ളയാണി കായൽ ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. അദാനി കമ്പനിയിലെ വിവിധ വിഭാഗങ്ങളിൽ ജോലിചെയ്യുന്ന ജീവനക്കാർ എംപ്ലോയ് വോളണ്ടിയറിംഗ് പ്രോഗ്രാമിന്റെ ഭാഗമായും വെങ്ങാന്നൂർ ഗ്രാമപഞ്ചായത്ത് തെളിനീരൊഴുകും നവകേരളം പരിപാടിയുടെ ഭാഗമായും ആണ് പദ്ധതി തയ്യാറാക്കുന്നത്. ശുചീകരണത്തിന് അദാനി തുറമുഖ കമ്പനിയിലെ വിവിധ വിഭാഗങ്ങളിൽ ജോലിചെയ്യുന്ന 80 ഓളം ജീവനക്കാർ, ഗ്രാമപഞ്ചായത്ത് പ്രതിനിധികൾ, നീർത്തടാകം,​ കായൽ സംരക്ഷണ സംഘടനാ പ്രതിനിധികൾ, മറ്റിതര സംഘടനാ പ്രതിനിധികൾ എന്നിങ്ങനെ 200ലധികം പേർ പങ്കുചേരുന്നുണ്ട്. വെള്ളായണിക്കായലിന്റെ വിനോദസഞ്ചാര വളർച്ചയ്ക്കും ശുചീകരണത്തിനുമായി സർക്കാർ തുക നീക്കി വച്ചിട്ടുണ്ടെങ്കിലും പദ്ധതികൾക്കൊന്നും വേഗം പോരെന്ന പരാതിയുമുണ്ട്. വർധിച്ചുവരുന്ന മലിനീകരണം മൂലം ശുദ്ധജലം മത്സ്യങ്ങളും വെല്ലുവിളി നേരിടുന്നുണ്ട്. പല ദിവസങ്ങളിലും മീനുകൾ ചത്ത് പൊങ്ങാറുണ്ടെന്നും നാട്ടുകാർ പറയുന്നു.

വെങ്ങാനൂർ ഗ്രാമ പഞ്ചായത്തിന്റെയും വിവിധ സംഘടനകളുടെയും സഹകരണത്തോടെ യന്ത്രമുപയോഗിച്ചുള്ള 30 ദിവസത്തെ സമ്പൂർണ്ണ കായൽശുചീകരണ യജ്ഞമാണ് ആരംഭിക്കുന്നത്. കൂടാതെ നീക്കം ചെയ്യുന്ന കുളവാഴകളിൽ കുറച്ചെങ്കിലും വെള്ളായണി കാർഷിക കോളേജിന്റെ സാങ്കേതിക സഹകരണത്തോടെ ജൈവവളമാക്കി മാറ്റുന്നതിനുള്ള പദ്ധതിയും കുളവാഴകളിൽ നിന്ന് ബയോഗ്യാസ് നിർമ്മിക്കുന്നതിനാവശ്യമായ ഒരു മാതൃകാ പദ്ധതിയും നടപ്പിലാക്കുമെന്നും അദാനിഫൗണ്ടേഷൻ പ്രതിനിധികൾ അറിയിച്ചു.

ജില്ലയിലെ ഏറ്റവും വലിയ ശുദ്ധജല തടാകമായ വെള്ളായണി കായലിൽ കുളവാഴയുടെ ശല്യം രൂക്ഷമായിരുന്നു. ദിവസങ്ങൾക്ക് മുൻപ് നാട്ടുകാർ ഒന്നിച്ച‌് കായൽ വൃത്തിയാക്കിയെങ്കിലും വീണ്ടും പഴയപടിയായി. പായൽ വളർന്നു. യന്ത്രം ഉപയോഗിച്ച് കുളവാഴ നീക്കം ചെയ്‌തെങ്കിലും ഫലം ഉണ്ടായില്ല.

സഞ്ചാരികൾക്ക് വെള്ളായണിക്കായൽ പ്രിയപ്പെട്ട ഇടമാണെങ്കിൽ മത്സ്യത്തൊഴിലാളികൾക്കിത് ജീവിതമാണ്. തലേന്ന് വലയിട്ടശേഷം പിറ്റേദിവസമെത്തി വലയെടുക്കുന്നത് വരെ ഒരു കാത്തിരിപ്പാണ്. എന്നാൽ കായലിൽ കുളവാഴയുടെ ശല്യം രൂക്ഷമായതോടെ മീനൊന്നും കിട്ടാറില്ലെന്ന് ഇവർ പറയുന്നു. കടമെടുത്ത് വാങ്ങിയ വലയൊക്കെയും കുളവാഴയ്ക്കിടയിൽ പെട്ടതോടെ ഉപയോഗശൂന്യവും.