
പോത്തൻകോട്: കേരള ഒളിമ്പിക് അസോസിയേഷൻ സംഘടിപ്പിക്കുന്ന കേരള ഗെയിംസിന് തിരുവനന്തപുരം ജില്ലയിലെ പോത്തൻകോട് ലക്ഷ്മി വിലാസം സ്‌കൂളും വേദിയാകും. സ്‌കൂളിലെ ആധുനിക ഫ്ളഡ് ലൈറ്റ് സ്റ്റേഡിയം നെറ്റ് ബാൾ മത്സരങ്ങൾക്കാണ് വേദിയാകുന്നത്. മറ്റ് മത്സരങ്ങൾ നഗരത്തിലെ പ്രധാന സ്റ്റേഡിയങ്ങളിൽ നടക്കുമ്പോൾ ഗ്രാമ പ്രദേശത്തെ ഏക ഗെയിംസ് വേദി എന്ന അപൂർവ നേട്ടമാണ് ലക്ഷ്മിവിലാസം സ്‌കൂളിന് വന്നുചേർന്നത്. ഗ്രാമ പഞ്ചായത്തുകൾ, ക്ലബുകൾ, സാംസ്കാരിക സംഘടനകൾ തുടങ്ങിയവയുടെ സഹകരണത്തോടെ നടക്കുന്ന തയ്യാറെടുപ്പുകൾ അവസാനഘട്ടത്തിലാണ് മേയ് 7,8,9 തീയതികളിലാണ് നെറ്റ് ബാൾ മത്സരങ്ങൾ നടക്കുന്നത്. ഉദ്‌ഘാടന ദിവസം നടക്കുന്ന വർണ്ണാഭമായ ഘോഷയാത്രയ്ക്ക് ഒളിമ്പ്യന്മാരായ കെ.സി. ലേഖ, ബീനാമോൾ തുടങ്ങിയ പ്രമുഖ കായിക താരങ്ങൾ അണിനിരക്കും. വൈകിട്ട് 4ന് നടക്കുന്ന സമ്മേളനം മന്ത്രി ജി.ആർ. അനിൽ ഉദ്‌ഘാടനം ചെയ്യും.