a

തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിൽ വൻവിവാദമായ നികുതി തട്ടിപ്പിന് പിന്നാലെ ഉദ്യോഗസ്ഥർ നടത്തിയ കോടികളുടെ ക്രമക്കേട് കണ്ടെത്തി. 2019– 2020 സാമ്പത്തിക വർഷത്തെ ലോക്കൽ ഫണ്ട് ഓഡിറ്റ് റിപ്പോർട്ടിലാണ് ഗുരുതര വീഴ്‌ച കണ്ടെത്തിയത്. നികുതി, നികുതിയേതര ഇനങ്ങളിലായി വിവിധ സ്ഥാപനങ്ങളിൽ നിന്ന് ലഭിച്ച ഒരു കോടിയോളം രൂപ നഗരസഭയുടെ അക്കൗണ്ടിൽ എത്തിയിട്ടില്ല. നഗരസഭ മെയിൻ ഓഫിസിലും സോണൽ ഓഫിസുകളിലും ലഭിച്ച 94,27,260 രൂപ മൂല്യമുള്ള ചെക്കുകൾ ‍ബാങ്കിൽ നൽകിയെങ്കിലും വിവിധ കാരണങ്ങളാൽ ചെക്കുകൾ പണമില്ലാതെ മടങ്ങിയെന്ന് ബാങ്ക് സ്റ്റേറ്റ്മെന്റിൽ പറയുന്നു. ചെക്കുകൾ മടങ്ങിയ വകയിൽ റിട്ടേൺ ചാർജായി 8,879 രൂപ നഗരസഭയുടെ അക്കൗണ്ടിൽ നിന്ന് ബാങ്ക് ഈടാക്കി.

വിവിധ ആവശ്യങ്ങൾക്കായുള്ള ഫോമുകളുടെ വില്പനയിൽ ലഭിച്ച മുഴുവൻ തുകയും നഗരസഭയുടെ അക്കൗണ്ടിലെത്തിയിട്ടില്ല. ആസ്ഥാന ഓഫിസിലും 7 സോണൽ ഓഫിസുകളിലുമായി 3,19,318 രൂപയുടെ ക്രമക്കേടാണ് ഇതുവഴി കണ്ടെത്തിയത്. മെയിൻ ഓഫിസിലും 11 സോണൽ ഓഫിസുകളിലും വസ്തു നികുതി, തൊഴിൽ നികുതി, ലൈസൻസ് ഫീസ് തുടങ്ങിയ നികുതി, നികുതിയേതിര ഇനങ്ങളിൽ 2019 ഏപ്രിൽ ഒന്നു മുതൽ 2020 മാർച്ച് 31 വരെ വരവിനത്തിൽ ലഭിച്ച 81,63,397രൂപ മൂല്യമുള്ള ചെക്കുകളും ക്രെഡിറ്റായിട്ടില്ലെന്ന ഗുരുതര പിഴവും ഓഡിറ്റ് വിഭാഗം കണ്ടെത്തി.

ആരോഗ്യവിഭാഗം ഉദ്യോഗസ്ഥരുടെ കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിന് വാക്കി ടോക്കി വാങ്ങിയത് നടപടിക്രമങ്ങൾ പാലിക്കാതെയാണ്. ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരമില്ലാതെയാണ് ഈ പദ്ധതി നടപ്പാക്കിയത്. കേന്ദ്ര സർക്കാരിന്റെ അനുമതിയും തേടിയില്ല. നഗരസഭ പരിധിയിൽ ഏതൊക്കെ സ്ഥലങ്ങളിൽ സിഗ്നൽ ലഭിക്കുന്നില്ല എന്നതുൾപ്പെടെയുള്ള പിഴവുകളും പരിശോധനയിൽ കണ്ടെത്തി. നാലുപ്രോജക്ടുകളിലായി ലക്ഷക്കണക്കിനു രൂപയുടെ മരുന്നുകൾ വാങ്ങിയെങ്കിലും അതിനായി ജില്ലാ മെഡിക്കൽ ഓഫിസറുടെ നോൺ അവയ്ലബിലിറ്റി സർട്ടിഫിക്കറ്റ് നേടാത്തതും ഓഡിറ്റ് വിഭാഗം കണ്ടെത്തി.