soman

 നെഞ്ചിലും വയറ്റിലുമായി കുത്തിയത് ആറു തവണ

തിരുവനന്തപുരം: സുഹൃത്തുക്കൾ തമ്മിലുണ്ടായ വാക്കുതർക്കത്തെ തുടർന്ന് സ്ക്രൂഡ്രൈവർ കൊണ്ടുള്ള കുത്തേറ്റ് ഒരാൾ മരിച്ചു. കരമന നെടുങ്കാട് ജോയ് കോട്ടേജിൽ ബോസാണ് (43) കൊല്ലപ്പെട്ടത്.

സുഹൃത്തായ കരമന നെടുങ്കാട് സോമൻ നഗർ തുണ്ടുവിള വീട്ടിൽ വിക്രമനെ (63) കരമന പൊലീസ് പിടികൂടി. പോക്സോ കേസിൽ പ്രതിയായ ഇയാൾ അടുത്തിടെയാണ് ജയിലിൽ നിന്നിറങ്ങിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെ നെടുങ്കാടുള്ള വിക്രമന്റെ വർക്ക്ഷോപ്പിലെത്തിയ ബോസുമായി സംസാരിക്കുന്നതിനിടെ പ്രകോപിതനായ വിക്രമൻ സമീപത്തുണ്ടായിരുന്ന സ്ക്രൂഡ്രൈവറെടുത്ത് ബോസിന്റെ നെഞ്ചിലും വയറിലും കുത്തുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ ബോസ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ വെളുപ്പിന് മരിച്ചു. ഒളിവിൽ പോയ പ്രതിയെ പൊലീസ് പിന്നീട് പിടികൂടി. പൊലീസ് സംഘത്തെ ആക്രമിച്ച് രക്ഷപ്പെടാനും പ്രതി ശ്രമിച്ചു.