flex
സിന്ധു

മാനന്തവാടി: മാനന്തവാടി സബ് ആർടിഒ ഓഫീസിലെ സീനിയർ ക്ളാർക്ക് സിന്ധുവിന്റെ ആത്മഹത്യയ്ക്ക് കാരണക്കാരായ ഉദ്യോഗസ്ഥരുടെ പേരിൽ നടപടി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തം. മാനന്തവാടി സബ് ആർ.ടി.ഒ ഒാഫീസിലെ പീഡനത്തെ തുടർന്നാണ് ആത്മഹത്യ ചെയ്യുന്നതെന്ന് കാണിക്കുന്ന സിന്ധുവിന്റെ ആത്മഹത്യാകുറിപ്പ് വിവാദമായിട്ടുണ്ട്.

അഴിമതിക്ക് കൂട്ട് നിൽക്കാത്തതിന്റെ പേരിൽ സിന്ധുവിനെ ഒാഫീസിൽ ഒറ്റപ്പെടുത്തിയെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്.

രണ്ട് പേജ് വരുന്ന ആത്മഹത്യാകുറിപ്പാണ് സിന്ധു എഴുതി വച്ചിരുന്നത്. ഇതിന് പുറമെ ഡയറി കുറിപ്പുകളും ഉണ്ട്. ഒാഫീസിൽ നടക്കുന്ന അഴിമതിക്ക് എതിര് നിന്നത് ചില മേലുദ്യോഗസ്ഥർ മാനസികമായി പീഡിപ്പിച്ചു. ഇക്കാര്യം സിന്ധു ബന്ധുക്കളോടും സഹോദരങ്ങളോടും സൂചിപ്പിച്ചിരുന്നു. ഭിന്നശേഷിക്കാരിയായ സിന്ധുവിനോട് യാതൊരു ദയയും ജീവനക്കാർ കാണിച്ചില്ലെന്നാണ് പരാതി.

തലശ്ശേരിയിലെ പട്ടുവം സഭ നടത്തുന്ന കോൺവെന്റിൽ ചേർന്നായിരുന്നു സിന്ധുവിന്റെ പഠനം. തുടർന്ന് മൈസൂറിലായിരുന്നു പഠിച്ചത്. അവിടെ നിന്നാണ് മാനന്തവാടിയിലെത്തിയത്. മാനന്തവാടി ബ്ളോക്ക് ഒാഫീസിന് കീഴിൽ തൊഴിലുറപ്പുമായി ബന്ധപ്പെട്ട് ജോലി ചെയ്തിട്ടുണ്ട്. അവിടെ നിന്നാണ് ആർ.ടി.ഒ ഒാഫീസിൽ ജോലി ലഭിച്ചത്. കോൺവെന്റിൽ നിന്നുളള ശീലങ്ങളുടെ ഭാഗമായുളള ജീവിത രീതി ഒാഫീസിൽ പലർക്കും ഇഷ്ടമായിരുന്നില്ല. കൈക്കൂലിക്കും മറ്റും സിന്ധു എതിര് നിന്നു. എല്ലാവരെയും ഉപദേശിക്കുന്ന പ്രകൃതമായിരുന്നു സിന്ധുവിന്റേത്.

വളരെ വിഷമം പിടിച്ച ഫയലുകളാണ് സിന്ധുവിന് മേലുദ്യോഗസ്ഥർ നൽകാറുളളതെന്നാണ് സിന്ധു വീട്ടിൽ പറഞ്ഞിരുന്നത്. ഇന്നലെ വൈകിട്ട് വീട്ടിലെത്തിയ പൊലീസ് ഉദ്യോഗസ്ഥർ സിന്ധുവിന്റെ മൊബൈൽ ഫോണും ലാപ് ടോപ്പും കസ്റ്റഡിയിലെടുത്തു.