മാനന്തവാടി: നാലു വർഷം മുൻപ് കൊട്ടിഘോഷിച്ച് ഉദ്ഘാടനം നടത്തി പ്രവൃത്തി ആരംഭിച്ച മാനന്തവാടി കൊയിലേരി കൈതയ്ക്കൽ 'ഹൈടെക്ക്' റോഡ് നവീകരണം ഇഴഞ്ഞിഴഞ്ഞ് തുടരുന്നു. 10.50 കി.മീ ദൂരം 12 മീറ്റർ വീതിയിൽ ഇരുഭാഗത്തും ഓവുചാലും ഫുട്പാത്തും ഉൾപ്പെടെയാണ് പദ്ധതി.
12 ബസ് ബേകളും അത്രതന്നെ ആധുനിക ബസ് വെയ്റ്റിംഗ് ഷെൽറ്ററുകളും 50 സൗരോർജ്ജ ദീപങ്ങളും ഉൾപ്പെടെ വയനാട്ടിലെ ഏറ്റവും മനോഹരമായ പാതയാണ് വരാൻ പോകുന്നത് എന്ന പ്രതീക്ഷയാണ് നാട്ടുകാർക്ക് നൽകിയത്. 46 കോടി രൂപ കിഫ്ബി പദ്ധതിയിൽ വകയിരുത്തി ആരംഭിച്ച നവീകരണം തുടക്കത്തിൽ പൊതുമരാമത്ത് വകുപ്പിന്റെ മേൽനോട്ടത്തിലായിരുന്നു. പ്രവർത്തിയുടെ കാര്യക്ഷമതയില്ലായ്മ കണ്ട് നാട്ടുകാർ കർമ്മസമിതി ഉണ്ടാക്കി പ്രക്ഷോഭം ആരംഭിച്ചു. തുടർന്ന് പ്രവർത്തി കേരള റോഡ് ഫണ്ട് ബോർഡിന്റെ കീഴിലാക്കി. പക്ഷെ നാലുവർഷങ്ങൾ പൂർത്തിയാവാറായിട്ടും കാര്യങ്ങൾ മെച്ചപ്പെട്ടില്ല. കൈതയ്ക്കൽ മുതൽ വള്ളിയൂർക്കാവ് വരെ ഒരു വട്ടം ടാറിംഗ് പൂർത്തിയായെങ്കിലും വള്ളിയൂർക്കാവ് മുതൽ മാനന്തവാടി ടൗൺ വരെയുളള രണ്ടര കി.മീറ്റർ കുത്തിപ്പൊളിച്ചും ചാലെടുത്തും ഇട്ടിരിക്കുകയാണ്.
പരാതി പറയുന്ന ജനങ്ങളോട് ധിക്കാരപരമായാണ് കരാർ കമ്പനി മേൽനോട്ടക്കാർ പ്രതികരിക്കുന്നത്. റോഡ് നവീകരണത്തിനായി നഷ്ടപരിഹാരമില്ലാതെ സ്വമനസ്സാലെ മതിലും സ്ഥലവും ഒക്കെ വിട്ടുകൊടുത്ത നാട്ടുകാർക്ക് അമർഷമുണ്ടാവുക സ്വാഭാവികം.
കൊയിലേരി ചെറുകാട്ടൂർ വലിയ പാലത്തിനടുത്ത് 12 മീറ്റർ വീതിയിൽ വികസിപ്പിച്ച റോഡ് ത്രികോണാകൃതിയിൽ വീതി കുറച്ച് സൈഡ് ഭിത്തികെട്ടി കോൺക്രീറ്റ് ചെയ്ത് വലിയ അപകടങ്ങൾക്കുള്ള സാധ്യത ഉണ്ടാക്കിയിരിക്കുന്നതും കാണാം. വീതി കൂടിയ റോഡിൽ അധിവേഗത്തിൽ വരുന്ന വാഹനങ്ങൾ ഈ ഭിത്തിയിൽ തട്ടി അപകടത്തിൽ പെടാൻ സാധ്യതയുണ്ട്.
റോഡു പ്രവർത്തി എത്രയും പെട്ടെന്ന് തീർന്നുകിട്ടുന്നതിനായി കർമ്മസമിതി ഭാരവാഹികൾ പൊതുമരാമത്ത് വകുപ്പ് മന്ത്രിയെ നേരിൽക്കണ്ട് നിവേദനം നൽകിയിരുന്നു. മനുഷ്യാവകാശ കമ്മീഷൻ അടക്കം ഇടപെട്ടിട്ടും എന്നു തീരുമെന്നറിയാതെ കിടക്കുകയാണ് ഈ ഹൈടെക്ക് റോഡ്.