മാനന്തവാടി: കെല്ലൂർ അഞ്ചാം മൈലിലെ മാനന്തവാടി സബ് ആർ.ടി ഓഫീസിനെതിരെ ആരോപണങ്ങളുമായി കേരള സ്റ്റേറ്റ് യൂസ്ഡ് വെഹിക്കിൾ ഡീലേഴ്സ് ആൻഡ് ബ്രോക്കേഴ്സ് അസോസിയേഷൻ. അഴിമതിയുടെ കൂത്തരങ്ങായി ആർ.ടി

ഓഫീസ് മാറിയതായും നേതാക്കൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

കൈക്കൂലി വാങ്ങാത്തതിനും എതിർത്തതിന്റെയും പേരിൽ രക്തസാക്ഷിയായ സിന്ധു മേലുദ്യോഗസ്ഥരുടെ കടുത്ത മാനസിക പീഡനത്തിന് ഇരയായിരുന്നു. ആർ.ടി.ഒ ഓഫീസിൽ കാര്യങ്ങൾ നടക്കണമെങ്കിൽ സർക്കാർ നിശ്ചയിച്ച ഫീസിന്റെ മൂന്നും നാലും ഇരട്ടി തുകയാണ് നൽകേണ്ടത്. സംസ്ഥാനത്ത് മറ്റൊരു ആർ.ടി.ഒ ഓഫീസിലും ഇല്ലാത്ത അഴിമതിയാണ് അഞ്ചാം മൈലിലെ ഓഫീസിൽ നടക്കുന്നത്. ഇത്തരം അഴിമതികൾ ഇനിയും തുടർന്നാൽ പ്രത്യക്ഷ സമര പരിപാടികൾക്ക് അസോസിയേഷൻ നേതൃത്വം നൽകും. സിന്ധുവിന്റെ ആത്മഹത്യയ്ക്ക് ഉത്തരവാദികളായവർക്കെതിരെ മാതൃകപരമായ നടപടികൾ സ്വീകരിക്കണമെന്നും നേതാക്കൾ പറഞ്ഞു. വാർത്താ സമ്മേളനത്തിൽ അസോസിയേഷൻ ഭാരവാഹികളായ എൻ.ആർ രാജൻ, കെ.ടി. സുബൈർ, ജമാലുദീൻ അണിയാപ്രവൻ, മജീദ് കളരിപറമ്പിൽ തുടങ്ങിയവർ പങ്കെടുത്തു.