മാനന്തവാടി: മാനന്തവാടി സബ്ബ് ആർ.ടി ഓഫീസിലെ അഴിമതിയിലും ജീവനക്കാരിയുടെ ആത്മഹത്യ ചെയ്ത സംഭവത്തിലും സമഗ്രമായ അന്വഷണം നടത്തണമെന്ന് ഓട്ടോ ടാക്സി ആൻഡ് മോട്ടോർ വർക്കേഴ്സ് യൂണിയൻ (സിഐടിയു) ആവശ്യപ്പെട്ടു. കൈക്കൂലിയോ, സ്വാധീനമോ ഇല്ലാതെ ഈ ഓഫീസിൽ നിന്ന് വാഹനസംബന്ധമായ ഒരു പേപ്പറും നിങ്ങില്ലാത്ത സ്ഥിതിയാണുള്ളതെന്നും പൊതു ഗതാഗതത്തെ സംരക്ഷിക്കേണ്ട ഈ ഓഫീസിലെ ജീവനക്കാർ നിയമത്തിന്റെ കാര്യം പറഞ്ഞ് വലിയ പിഴ ഈടാക്കുന്നത് പതിവാണെന്നും ഓട്ടോ ടാക്സി ആൻഡ് മോട്ടോർ വർക്കേഴ്സ് യൂണിയൻ സിഐടിയു ആരോപിച്ചു.
മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിന്റെ പാലിയേറ്റിവ് വാഹനം പോലും ഈ പിഴയിൽപ്പെട്ടു. ഏജന്റുമാർ ഇല്ലാതെ ഒരു കാര്യവും ഓഫീസിൽ നടക്കില്ല. ഈ കാര്യങ്ങൾ തിരുത്തിയില്ലെങ്കിൽ ശക്തമായ സമര പരിപാടികൾക്ക് നേതൃത്വം നൽകുമെന്ന് നേതാക്കൾ പറഞ്ഞു. ഏരിയ കമ്മിറ്റി യോഗത്തിൽ പി.യു.സന്തോഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. ബാബു ഷജിൽ കുമാർ, സൂരജ്കുമാർ, പി.ബി.ബിനു എന്നിവർ സംസാരിച്ചു.