anga
സംസ്ഥാനത്തെ മികച്ച അംഗൻവാടിയായി തെരഞ്ഞെടുത്ത കട്ടയാട് അംഗൻവാടി.

സുൽത്താൻ ബത്തേരി : ശുചിത്വത്തിന്റെ കാര്യത്തിൽ സംസ്ഥാനത്തെ ഏറ്റവും നല്ല നഗരസഭയായ സുൽത്താൻ ബത്തേരിക്ക് തിലകക്കുറിയായി കട്ടയാട് സ്മാർട്ട് അങ്കണവാടി. സംസ്ഥാനത്തെ ഏറ്റവും നല്ല അങ്കണവാടിക്കുള്ള അവാർഡ് കട്ടയാട് അങ്കണവാടി സ്വന്തമാക്കി. ക്ലീൻ സിറ്റി ,ഗ്രീൻസിറ്റി , ഫ്ളവർസിറ്റി എന്ന നഗരസഭയുടെ ആശയത്തിന് ഒട്ടും കോട്ടം തട്ടിയിട്ടില്ലെന്നും ഇപ്പോഴും കൂടുതൽ ശോഭയോടുകൂടി ജ്വലിക്കുന്നുണ്ടെന്നതിന് തെളിവാണ് ഏറ്റവും നല്ല നഗരസഭക്കുള്ള സ്വരാജ് ട്രോഫി ബത്തേരിക്ക് ലഭിച്ചത്. സംസ്ഥാനത്തെ 12 അങ്കണവാടികളാണ് ഏറ്റവും നല്ല അങ്കണവാടികളായി തെരഞ്ഞെടുക്കപ്പെട്ടത്. ഇതിലാണ് സുൽത്താൻ ബത്തേരി നഗരസഭയിലെ കട്ടയാട് തിരഞ്ഞെടുക്കപ്പെട്ടത്. വൃത്തിയുടെ കാര്യത്തിൽ തന്നെയാണ് മറ്റ് അങ്കണവാടികളെയെല്ലാം പിന്നിലാക്കി കട്ടയാട് ഒന്നാം സ്ഥാനത്തേക്ക് കുതിച്ചത്.

നാല് പതിറ്റാണ്ട് മുമ്പാണ് കട്ടയാട് അംഗൻവാടി സ്ഥാപിതമായത്. പ്രദേശവാസിയായ ഒരാൾ സൗജന്യമായി നൽകിയ അഞ്ച് സെന്റ് സ്ഥലത്താണ് സ്ഥാപനം സ്വന്തമായി കെട്ടിടം നിർമ്മിച്ച് പ്രവർത്തിക്കുന്നത്.
വൃത്തിയുള്ള നഗരമാക്കി ബത്തേരി നഗരസഭയെ മാറ്റുന്നതിന്റെ ഭാഗമായാണ് നഗരസഭയിലെ അങ്കണവാടികളുടെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്താൻ നടപടി സ്വീകരിച്ചത്. കഴിഞ്ഞ നഗരസഭ ഭരണ സമിതിയുടെ കാലത്താണ് കട്ടയാട് അങ്കണവാടിയുടെ നവീകരണ പ്രവർത്തനം തുടങ്ങിയത്. കുട്ടികളുടെ പഠനകാര്യത്തിനും മാനസിക ഉല്ലാസത്തിനും ആരോഗ്യ പ്രശ്നങ്ങൾക്കും വേണ്ട എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. കിച്ചൻപോലും സ്മാർട്ടാണ്. മൂന്നര വയസു മുതൽ അഞ്ചര വയസുവരെയുള്ള കുട്ടികളാണ് ഇവിടെ പഠിക്കുന്നത്.20 കുട്ടികളാണ് ഈ സ്മാർട്ട് അംഗനവാടയിൽ സ്മാർട്ടായി പഠനം നടത്തുന്നത്. പഠനത്തോടൊപ്പം വൃത്തിയും ശുദ്ധിയും ജീവിതത്തിൽ പ്രാവർത്തികമാക്കേണ്ടതിന്റെ ആവശ്യകത കുരുന്നുകളെ പറഞ്ഞു പഠിപ്പിക്കുകയും അതിനുവേണ്ട അന്തരീക്ഷം അംഗൻവാടിയിൽ തന്നെ സജ്ജമാക്കിയാണ് അംഗൻവാടിയുടെ പ്രവർത്തനം. നിലവിൽ ഇപ്പോൾ കട്ടയാട് ഡിവിഷൻ കൗൺസിലർ സാബുവിന്റെ ഭാര്യ നിഷാസാബുവാണ്. മികച്ച അങ്കണവാടിയായി തെരഞ്ഞെടുത്തതിന്റെ ആഘോഷ പരിപാടികൾ ഐ.സി.ബാലകൃഷ്ണൻ എം.എൽ.എ കഴിഞ്ഞദിവസം അംഗൻവാടിയിൽവെച്ച് ഉദ്ഘാടനം ചെയ്തു, നഗരസഭ ചെയർമാൻ ടി.കെ.രമേശ് അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ നിഷാ സാബു, പ്രജിത രവി, രാധാ ബാബു, ഷൗക്കത്തലി കള്ളിക്കൂടം, വെൽഫെയർ കമ്മറ്റി അംഗങ്ങളായ ടി.എൽ.സാബു, ബാബു കട്ടയാട്, എം.രാമകൃഷ്ണൻ, എം.സി.രവീന്ദ്രൻ, സവിത ഗംഗാധരൻ എന്നിവർ പ്രസംഗിച്ചു.