പുൽപ്പള്ളി : കല്ലുവയൽ ജയശ്രീ സ്‌കൂളിലെ ഹയർ സെക്കൻഡറി വിഭാഗത്തിന് ഏറ്റവും മികച്ച ഗൈഡ്സ് യൂണിറ്റിനുള്ള ദേശീയപുരസ്‌ക്കാരം ലഭിച്ചു. ദേശീയതലത്തിൽ ഒന്നാം സ്ഥാനത്തോടെയാണ് ലക്ഷ്മി മജുംദാർ പുരസ്‌ക്കാരത്തിനർഹയായത്.
ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ, റോഡ് സുരക്ഷ, പെയിൻ ആൻഡ് പാലിയേറ്റീവ് പ്രവർത്തനം, ബോബ് എ ജോബ്, കോളനി ദത്തെടുക്കൽ, പ്ലാസ്റ്റിക് രഹിത സമൂഹം, വിഷരഹിത പച്ചക്കറി ഉൽപ്പാദനം,എന്നിങ്ങനെയുളള ഏഴ് കാര്യങ്ങൾ മുൻ നിർത്തി നടത്തിയ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായാണ് പുരസ്‌ക്കാരം.മെഡിക്കൽ ക്യാമ്പ്, രോഗികൾക്കായി വെൽഫയർ ഫണ്ട് സ്വരുപിക്കൽ, ബോബ് എ.ജോബിന്റെ ഭാഗമായി കുടനിർമ്മാണം ചോക്ക് നിർമ്മാണം, മുളകൊണ്ട് പേന, കൊട്ട, സാനിറ്റൈസർ, നാപ്കിൻ ചന്ദനത്തിരി, ബഡ്ഡിംഗ് ,ഗ്രാഫ്റ്റിംഗ് എന്നിവയെല്ലാം ഗൈഡ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ നടത്തി.2017-ലാണ് യൂണിറ്റ് സ്‌കൂളിൽ തുടങ്ങിയത്, 2018-ൽ ചീഫ് മിനിസ്റ്റേഴ്സ് അവാർഡ് ലഭിച്ചു. 2019-ൽ ജൈവവൈവിധ്യ ഉദ്യാന മൽസരത്തിൽ ഒന്നാം സ്ഥാനം ലഭിച്ചു. ഗൈഡ്സിന്റെ ചുമതലയുള്ള ആദ്ധ്യാപകരായ കെ.ആർ.ജയശ്രീ, പി.ആർ.ത്രിദീപ്കുമാർ എന്നിവരുടെ പ്രവർത്തന മികവുകൂടിയാണ് യൂണിറ്റിനെ അവാർഡിനർഹമാക്കിയത്. പുൽപ്പള്ളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്.ദിലീപ്കുമാർ ,പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗിരജ കൃഷ്ണൻ എന്നിവർ അവാർഡിനർഹമായ യൂണിറ്റിനെയും വിദ്യാർത്ഥികളെയും അദ്ധ്യാപകരെയും അനുമോദിച്ചു.