vellam
കുഞ്ഞാട ചാത്തൻ കീഴ് വയലിൽ വെള്ളത്തിൽ മുങ്ങിയ വാഴ, കപ്പ, പയർ തോട്ടങ്ങൾ

മാനന്തവാടി: റോഡ് നിർമ്മാണത്തിലെ വീഴ്ച കാരണം രണ്ട് താൽക്കാലിക പാലങ്ങൾ തകരുകയും ലക്ഷങ്ങളുടെ കൃഷി നശിക്കുകയും ചെയ്തു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്ത മഴയിൽ റോഡ് താൽക്കാലികമായി നിർമ്മിച്ച മുതിരേരി, കുളത്താട ചാത്തൻകീഴ് പാലങ്ങളാണ് തകർന്നത്. നിരവധി കർഷകരുടെ കൃഷികൾ വെള്ളത്തിലാവുകയും ചെയ്തു. പല വിടുകളിലേക്കും കൃഷിയിടങ്ങളിലേക്കും മണ്ണും കല്ലും ഒഴുകി ഇറങ്ങി.

മാനന്തവാടി വിമലനഗർ കഴുക്കോട്ടൂർ യവനാർകുളം വാളാട് ആലാർ പേരിയ റോഡ് റീബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി നൂറ് കോടിയിലധികം രൂപ ചെലവഴിച്ച് കെ.എസ്.ടി.പി യുടെ മേൽനേട്ടത്തിൽ നിർമ്മാണ പ്രവർത്തി നടത്തി വരികയാണ്. റോഡിന് സംരക്ഷണഭിത്തിയില്ലാത്തതും വെള്ളം ഒഴുകി പോകുന്നതിന് സംവിധാനം ഇല്ലാത്തതുമാണ് കാരണം.

പുതിയ പാലങ്ങൾ നിർമ്മിക്കുന്നതിന് വേണ്ടിയാണ് താൽക്കാലിക പാലങ്ങൾ നിർമ്മിച്ചത്. വെള്ളം പുഴയിലേക്ക് ഒഴുകുന്നതിന് പൈപ്പുകൾ സ്ഥാപിക്കാതെയാണ് ചപ്പാത്ത് പാലങ്ങൾ നിർമ്മിച്ചത്. കഴിഞ്ഞ ദിവസം പെയ്ത മഴയിൽ ഒഴുകിയെത്തിയ വെള്ളം കൃഷിയിടത്തിൽ കയറിയ വിവരം റോഡ് നിർമ്മാണം നടത്തുന്ന കരാർ കമ്പനിയെ നാട്ടുകാർ അറിയിച്ചെങ്കിലും വെള്ളിയാഴ്ച ഉച്ചകഴിഞ്ഞിട്ടും ആരും എത്തിയില്ല. പ്രദേശവാസികൾ കൃഷിയിടത്തിലെ വെള്ളം പുഴയിലേക്ക് ഒഴുക്കാൻ ശ്രമിക്കുന്നതിനിടയിൽ ചാത്തൻകീഴിലെ ചപ്പാത്ത് പാലം തകർന്ന് പുഴയിലേക്ക് വീഴുകയായിരുന്നു. ഭാഗ്യത്തിനാണ് വൻ ദുരന്തം ഒഴിവായത്.

രണ്ട് പാലങ്ങൾ തകർന്നതോടെ യവനാർകുളം, കുളത്താട, അറോല പ്രദേശങ്ങൾ ഒറ്റപ്പെട്ട നിലയിലാണ്. ഇതുവഴിയുള്ള വാഹനഗതഗതം പൂർണ്ണമായും നിലച്ചു.

സ്‌കൂൾ, ആശുപത്രി, റേഷൻകട, പാൽ അളവ് കേന്ദ്രം എന്നിവിടങ്ങളിലേക്ക് പോകാനാവാത്ത സ്ഥിതിയാണ്. മാനന്തവാടിയിൽ നിന്ന് കുളത്താട വഴി പുതുശ്ശേരിക്ക് പോകുന്ന ഏക കെഎസ്ആർടിസി ബസ് സർവീസും നിലച്ചു.
റോഡിന്റെ ഇരുവശത്തും തമാസിക്കുന്നവരുടെ കൃഷിയിടങ്ങളിലും വീടിന്റെ പരിസരങ്ങളിലും മണ്ണും കല്ലും നിറഞ്ഞ് കിടക്കുകയാണ്. കാലവർഷം അടുത്ത് എത്തിയിരിക്കെ പ്രദേശവാസികൾ ആശങ്കയിലാണ്. പാലങ്ങളുടെ പണിപൂർത്തിയായില്ലെങ്കിൽ കർഷകരുടെ ഉൽപ്പന്നങ്ങൾ മാർക്കറ്റിൽ എത്തിക്കാനും ആളുകൾക്ക് യാത്ര ചെയ്യാനും കഴിയില്ല.