മാനന്തവാടി: മാനന്തവാടി സബ് റീജണൽ ട്രാൻസ്‌പോർട്ട് ഓഫീസിലെ സീനിയർ ക്ലാർക്ക് പി.എ.സിന്ധുവിന്റെ ആത്മഹത്യയുടെ പശ്ചാത്തലത്തിൽ ആരോപണ വിധേയയായ മേലുദ്യോഗസ്ഥയ്ക്കെതിരെ വകുപ്പ്തല നടപടി. ഓഫീസിലെ ജൂനിയർ സൂപ്രണ്ട് അജിതകുമാരിയെ കോഴിക്കോട് ആർ.ടി. ഓഫീസിലേക്ക് സ്ഥലംമാറ്റി ട്രാൻസ്‌പോർട്ട് കമ്മിഷണർ എം.ആർ.അജിത് കുമാർ ഉത്തരവിറക്കി.
ജോയിന്റ് ട്രാൻസ്‌പോർട്ട് കമ്മീഷണർ എ.കെ.ശശികുമാർ ജില്ലയിലെ ആർ.ടി ഓഫീസുകളിൽ സന്ദർശനം നടത്തും. ജില്ലയിലെ ആർ.ടി ഓഫീസിലും സബ് റീജണൽ ട്രാൻസ്‌പോർട്ട് ഓഫീസുകളിലും വ്യാപകമായി കൈക്കൂലി വാങ്ങുന്നുണ്ടെന്ന ആരോപണത്തെ തുടർന്നാണ് അദ്ദേഹത്തിന്റെ സന്ദർശനം. ആർ.ടി ഓഫീസുകൾ അഴിമതിയുടെ കേന്ദ്രങ്ങളാണെന്ന പരാതിയെ തുടർന്ന് വകുപ്പ് മന്ത്രിയും ട്രാൻസ്‌പോർട്ട് കമ്മിഷണറും അന്വേഷണത്തിന് നിർദേശം നൽകിയിരുന്നു.
ഏപ്രിൽ ആറിനാണ് സിന്ധുവിനെ സഹോദരൻ പി.എ.ജോസിന്റെ വീട്ടിലെ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. ഓഫീസിൽ മാനസികസമ്മർദം അനുഭവിക്കുന്ന കാര്യങ്ങൾ വ്യക്തമാക്കുന്ന സിന്ധുവിന്റെ കുറിപ്പുകൾ ലഭിച്ചിരുന്നു. സഹപ്രവർത്തകയായ അജിതകുമാരിക്കെതിരെയുള്ള പരാമർശവുമുണ്ടായിരുന്നു. തുടർന്ന് ഇവരോട് അവധിയിൽ പ്രവേശിക്കാൻ മോട്ടോർ വാഹനവകുപ്പ് നിർദേശിച്ചു. ഡെപ്യൂട്ടി ട്രാൻസ്‌പോർട്ട് കമ്മിഷണർ ആർ.രാജീവാണ് സിന്ധുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കാര്യങ്ങൾ അന്വേഷിച്ച് റിപ്പോർട്ട് നൽകിയത്. ഏപ്രിൽ 11നാണ് റിപ്പോർട്ട് ട്രാൻസ്‌പോർട്ട് കമ്മിഷണർക്ക് നൽകിയത്.