പുൽപ്പള്ളി: പുൽപ്പള്ളി പഞ്ചായത്തിലെ വേലിയമ്പം, ചെറുവള്ളി പ്രദേശങ്ങളിൽ കാട്ടാന ശല്യം രൂക്ഷം. ആനകൾ പ്രദേശത്ത് വ്യാപക കൃഷിനാശം വരുത്തിവെക്കുന്നത് പതിവാകുന്നു. കഴിഞ്ഞ ദിവസം രാത്രിയിറങ്ങിയ കാട്ടാനകൾ ചെറുവള്ളി പാടത്ത് വിജയന്റെ കൊയ്യാറായ നെൽ കൃഷി ചവിട്ടിമെതിച്ചു. ഇതോടെ കൃഷിയിറക്കാൻ കഴിയാതെ പ്രതിസന്ധിയിലായിരിക്കുകയാണ് ഇവിടുത്തെ കർഷകർ. പ്രദേശത്തെ വിവിധയിടങ്ങളിൽ കാട്ടാനക്കൂട്ടം കൃഷി നാശം വരുത്തിവച്ചിട്ടുണ്ട്. നിരവധി കർഷകരുടെ വാഴ, തെങ്ങ്, കവുങ്ങ്, തുടങ്ങിയ കൃഷികൾ നശിപ്പിച്ചു. കഴിഞ്ഞ ഒരാഴ്ച്ചയായി ഈ മേഖലയിൽ ആനശല്യം രൂക്ഷമായിട്ടും വനംവകുപ്പ് അധികൃതർ തിരിഞ്ഞുനോക്കുന്നില്ലെന്നാണ് കർഷകരുടെ പരാതി.
നെയ്ക്കുപ്പ വനത്തിൽ നിന്ന് ഇറങ്ങുന്ന കാട്ടാനകളാണ് കൃഷിയിടത്തിൽ പതിവായി എത്തുന്നതെന്ന് കർഷകർ പറയുന്നു. വനാതിർത്തിയിലെ ട്രഞ്ച് തകർന്നു കിടക്കുന്നതും, ഫെൻസിംഗ് പലപ്പോഴും പ്രവർത്തിക്കാതിരിക്കുന്നതുമാണ് ആനശല്യം വർദ്ധിക്കാൻ കാരണം. കുറഞ്ഞ അളവിൽ മാത്രമേ ഫെൻസിംഗിലൂടെ വൈദ്യുതി പ്രവഹിപ്പിക്കുന്നുള്ളൂ എന്നും പരാതിയുണ്ട്. സന്ധ്യ മയങ്ങുന്നതോടെ വനാതിർത്തിയോട് ചേർന്ന പ്രദേശത്ത് കാട്ടാനക്കൂട്ടങ്ങൾ പതിവ് കാഴ്ചയാണ്. ആനകൾ കൃഷിയിടത്തിൽ ഇറങ്ങാൻ തുടങ്ങിയതോടെ വീടിന് പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയിലാണ് കർഷകർ. പ്രദേശത്തെ രൂക്ഷമായ ആനശല്യത്തിന് പരിഹാരം ഉണ്ടാകണമെന്ന് ആവശ്യപ്പെട്ട് പ്രക്ഷോഭ പരിപാടികൾ ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ് കർഷകർ.