
ആലപ്പുഴ: ജീവൻ രക്ഷാപ്രവർത്തനത്തിന് ജില്ലയിൽ ഫയർഫോഴ്സിന് കരുത്തായി രണ്ട് അത്യാധുനിക വാഹനങ്ങൾ സജ്ജമായി. ആലപ്പുഴ, കായകുളം സ്റ്റേഷനുകളിലേയ്ക്കാണ് ഒരു കോടി രൂപ വിലയുള്ള അഡ്വാൻസ്ഡ് റെസ്‌പോണ്ട്സ് ടെൻഡർ (എ.ആർ.ടി) എന്ന വാഹനം ഒന്നു വീതം അനുവദിച്ചത്. ചേർത്തല സ്റ്റേഷനിൽ വർഷങ്ങൾക്ക് മുമ്പ് എ.ആർ.ടി വാഹനം അനുവദിച്ചിരുന്നു.
ദേശീയ പാത കടന്നു പോകുന്ന ഹരിപ്പാട്, അരൂർ സ്റ്റേഷനുകളിൽ കൂടി എ.ആർ.ടി അനുവദിച്ചു കിട്ടുന്നതിന് നടപടി തുടങ്ങി. സംസ്ഥാനത്ത് ആകെ 23 വാഹനങ്ങൾ വിതരണം ചെയ്തതിൽ രണ്ട് എണ്ണമാണ് ജില്ലയ്ക്ക് ലഭിച്ചത്. അപകടത്തിൽപ്പെടുന്ന വാഹനം മറിഞ്ഞാൽ വായു നിറയ്ക്കുന്ന പ്രത്യേക തരം ബാഗിന്റെ സഹായത്തോടെ 25 ടൺ വരെ ഭാരമുള്ള വാഹനങ്ങൾ നിമിഷങ്ങൾക്കുള്ളിൽ ഉയർത്താൻ കഴിയും.
വിഷവാതക ചോർച്ച ഉൾപ്പെടെ നേരിടാനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്. ദുരന്ത മുഖത്തുനിന്ന് വിളിവരുമ്പോൾ രക്ഷാദൗത്യത്തിനുള്ള ഉപകരണങ്ങൾ ഓരോന്നായി സ്റ്റോറിൽ നിന്ന് എടുത്ത് വാഹനത്തിലെത്തിച്ച് സമയം നഷ്ടമാകാതിരിക്കാൻ ഇവയെല്ലാം പുതിയ വാഹനത്തിൽ സ്ഥിരമായി സൂക്ഷിക്കാനാകും. പാചക വാതകം, അമോണിയ പ്ളാന്റ് ചോർച്ച ഉൾപ്പെടെയുള്ളവ പടർന്നാൽ വാതകത്തിന്റെ സാന്ദ്രത മനസിലാക്കാനുള്ള ഉപകരണവും രക്ഷാ ദൗത്യം നടത്താനുള്ള സംവിധാനം ഉണ്ട്.
ടാങ്കർ വാഹനങ്ങളിലെ വാതക ചോർച്ച നിയന്ത്രണ വിധേയമാക്കാനുള്ള ഉപകരണങ്ങൾ, മുറിക്കുള്ളിലും കിണറുകളിലും മറ്റും വിഷ വാതക ചോർച്ചയുണ്ടായാൽ വിഷ വാതകം പുറന്തള്ളാനും ശുദ്ധവായു കടത്തിവിടാനുമുള്ള യന്ത്രങ്ങളും സജ്ജമാണ്.
എ.ആർ.ടി നിലവിലുള്ള യൂണിറ്റുകൾ
ആലപ്പുഴ, കായംകുളം, ചേർത്തല
ജലരക്ഷക് ബോട്ടുകൾ
വെള്ളപ്പൊക്കവും ജലാശയങ്ങളിലുണ്ടാകുന്ന അപകടങ്ങളും പതിവായ ജില്ലയിൽ രക്ഷാ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കാൻ ആറു 'ജലരക്ഷക്' ബോട്ടുകൾ സജ്ജമാണ്. ഹൗസ് ബോട്ടുകളും ഉൾനാടൻ മത്സ്യബന്ധനവും കൂടുതലുള്ള ജില്ലയായതിനാൽ ജലാശയങ്ങളിലെ അപകടങ്ങൾ ഇവിടെ നിത്യസംഭവമാണ്. ഉല്ലാസയാത്രയ്ക്ക് എത്തുന്ന സഞ്ചാരികൾ കായലുകളിൽ വീണ് അപകടത്തിൽപ്പെടാറുണ്ട്. ഇത്തരം അവസരങ്ങളിൽ രക്ഷാ പ്രവർത്തനത്തിന് ഓടിയെത്താൻ ജലരക്ഷക് ബോട്ടുകൾ ഫയർ ഫോഴ്‌സിന് സഹായകമാകും. പ്രതികൂല കാലാവസ്ഥയിലും സുരക്ഷിതമായി രക്ഷാ പ്രവർത്തനം നടത്താൻ കഴിയുമെന്നതാണ് ഇവയുടെ പ്രത്യേകത. 40കുതിര ശക്തിയുള്ള മോട്ടോർ ഘടിപ്പിച്ച ബോട്ടിൽ 1.5ടൺ ഭാരം കയറ്റി മിന്നൽവേഗത്തിൽ സഞ്ചരിക്കാം. ഒരു ബോട്ടിന് 9ലക്ഷം രൂപ വിലവരും.
എ.ആർ.ടിയുടെ പ്രത്യേകത
ഹൈഡ്രോളിക്, വൈദ്യുതി, ഗ്യാസ് കട്ടറുകൾ
വയർലെസ് സെറ്റുകൾ, മെഗാ ഫോൺ
ഇടുങ്ങിയ വഴിയിലൂടെ കയറാൻ കഴിയുന്ന വാഹനം, ജനറേറ്റർ സംവിധാനം
ദുരന്ത മുഖത്ത് 500 മീറ്റർ ചുറ്റളവിൽ പ്രകാശം പരത്താൻ കഴിയുന്ന ടവർലൈറ്റ്
വാഹനത്തിൽ കുടുങ്ങിയവരെ പുറത്തെടുക്കുന്നതിന് ആധുനിക യന്ത്രങ്ങൾ
ആധുനിക ഉപകരണങ്ങൾ വാഹനത്തിൽ തന്നെ സൂക്ഷിക്കാം
25ടൺ ഭാരമുള്ള വാഹനങ്ങൾ ഉയർത്താൻ വായുബലുൺ (മാറ്റ്)
അഞ്ച് ടൺഭാരമുള്ള വാഹനം റിമോട്ട് ഉപയോഗിച്ച് നീക്കാനുള്ള ഉപകരണം