
ആലപ്പുഴ: ഡി.ടി.പി.സിയും പഞ്ചായത്തും തമ്മിലുള്ള ശീതസമരത്തെ തുടർന്ന് ഉദ്ഘാടനം വൈകുമ്പോൾ , തോട്ടപ്പള്ളിയിലെ കുട്ടികളുടെ പാർക്ക് സാമൂഹ്യ വിരുദ്ധരുടെയും അക്രമിസംഘങ്ങളുടെയും താവളമായി മാറി. ഇവിടെ രാത്രിയിൽ അക്രമിസംഘങ്ങളുടെ അടിപിടി നിത്യസംഭവമാണ്. കഴിഞ്ഞ ദിവസം മദ്യപസംഘവുമായി ഉണ്ടായ തർക്കത്തെ തുടർന്നുള്ള സംഘട്ടനത്തിൽ തോട്ടപ്പള്ളി സ്വദേശി സുനി എന്ന മത്സ്യത്തൊഴിലാളിയുടെ ജീവൻ നഷ്ടമായതാണ് ഒടുവിലത്തെ സംഭവം.
പൊലീസും എക്സൈസും പരിശോധന നടത്തുന്നതിൽ അലംഭാവം കാട്ടുന്നത് അക്രമിസംഘത്തിന് തണലാകുന്നു. കാടുമൂടിയ പാർക്കിൽ കഞ്ചാവ് ചെടിയും വളർന്നു തുടങ്ങി. മയക്കുമരുന്ന് കച്ചവടക്കാരെ തിരഞ്ഞെത്തിയ എക്‌സൈസ് നർക്കോട്ടിക് വിഭാഗം പാർക്കിൽ നടത്തിയ പരിശോധനയിലാണ് വള്ളിപ്പടർപ്പുകൾക്കിടയിൽ നിന്ന് കഞ്ചാവ് ചെടി കണ്ടെത്തിയത്
ആലപ്പുഴ മെഗാ ടൂറിസം പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് തോട്ടപ്പള്ളി - തൃക്കുന്നപ്പുഴ റോഡിന് സമീപം പാർക്ക് നിർമ്മിച്ചത്. തീരപരിപാലന നിയമത്തിൽ തട്ടിയാണ് പാർക്കിന്റെ ഉദ്ഘാടനം വൈകുന്നത്.
മദ്യപാനികളുടെ താവളം
രാത്രികാലങ്ങളിൽ മദ്യപാനികളുടെയും മയക്കുമരുന്ന് ഉപയോഗിക്കുന്നവരുടെയും താവളമാണ് പ്രദേശം. പാർക്കിന്റെ 100മീറ്റർ അകലെയാണ് കൺസ്യൂമർ ഫെഡിന്റെ വിദേശമദ്യവില്പന കേന്ദ്രം പ്രവർത്തിക്കുന്നത്. ഇവിടെ നിന്ന് മദ്യം വാങ്ങി പാർക്കിൽ എത്തി പരസ്യമായി മദ്യപിക്കുന്നതും സന്ദർശകരെ അസഭ്യം പറയുന്നതും പതിവാണ്. ഇത്തരം സംഘങ്ങൾ ആയുധങ്ങളുമായിട്ടാണ് പലപ്പോഴും പാർക്കിൽ എത്താറുള്ളത്. അതുകാരണം, ജീവൻ ഭയന്ന് ആരും എതിർക്കാറുമില്ല. രണ്ടാഴ്ച മുമ്പ് മണൽ കടത്തുന്നവരെ പിടികൂടാൻ എത്തിയ പൊലീസിന് നേരെ ബീയർ കുപ്പി എറഞ്ഞ സംഭവവും ഉണ്ടായി.
"പാർക്ക് ഉദ്ഘാടനം ചെയ്തു സംരക്ഷണ ചുമതല പഞ്ചായത്ത് ഏറ്റെടുത്താലേ സാമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാട്ടം തടയാൻ കഴിയൂ. ക്വട്ടേഷൻ സംഘങ്ങളുടെ കേന്ദ്രമായി പാർക്ക് മാറി.
സെക്രട്ടറി, പൗരസമിതി