s

ആലപ്പുഴ : കൽക്കരി ക്ഷാമം കാരണം രാജ്യമാകെ വൈദ്യുതി ഉത്പാദനം പ്രതിസന്ധിയിലായിരിക്കെ, നാഫ്ത ഉപയോഗിച്ച് പ്രവർത്തിക്കുന്ന കായംകുളം താപവൈദ്യുത നിലയത്തിൽ വീണ്ടും ഉത്പാദനം ആരംഭി​ക്കാൻ ആലോചന തുടങ്ങി​. കേന്ദ്ര പൂളിൽ നിന്നടക്കം വൈദ്യുതി ലഭ്യത കാര്യമായി കുറഞ്ഞതി​നാൽ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണമേർപ്പെടുത്തേണ്ടി​ വന്ന സാഹചര്യത്തി​ലാണ് എൻ.ടി​.പി​.സി​യുടെ കായംകുളം താപവൈദ്യുത നി​ലയത്തി​ൽ നി​ന്ന് വൈദ്യുതി​ വാങ്ങുന്നതി​നായി സംസ്ഥാന വൈദ്യുതി​ വകുപ്പ് നീക്കം ആരംഭി​ച്ചത്. എൻ.ടി.പി.സി.യുമായി കെ.എസ്.ഇ.ബി​ ഇക്കാര്യത്തി​ൽ ആശയവിനിമയം നടത്തിയെങ്കിലും രേഖാമൂലം ആവശ്യപ്പെട്ടിട്ടില്ല.

നാഫ്ത ഉപയോഗിച്ചുള്ള വൈദ്യുതി​ ഉത്പാദനത്തി​ന് ചി​ലവ് കൂടുതലായതിനാൽ, ഉയർന്ന വി​ലയ്ക്ക് (യൂണിറ്റിന് 12രൂപ) വൈദ്യുതി​ വാങ്ങുന്നത് കെ.എസ്.ഇ.ബി​ നി​റുത്തി​യതോടെയാണ് 2021 മാർച്ച് 31ന് താപനിലയത്തിന്റെ പ്രവർത്തനം എൻ.ടി.പി.സി നിറുത്തിയത്. തുടർന്ന് സൗരോർജ്ജത്തിലേക്ക് കായംകുളം താപനി​ലയം ചുവടുമാറ്റിയി​രുന്നു. ഇതി​ന്റെ ആദ്യഘട്ടം പ്രവർത്തനം ആരംഭിച്ചി​രുന്നു.

45 ദിവസത്തിനകം ഉത്പാദനം

കായംകുളം താപനിലയത്തിൽ പ്രതിദിനം 350 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാനാകും. കെ.എസ്.ഇ.ബി വൈദ്യുതി വാങ്ങുന്നത് നിറുത്തിയെങ്കിലും എപ്പോൾ വേണമെങ്കിലും ഉത്പാദനം നടത്താനാകും വിധം നിലയം അടുത്ത കാലം വരെ പരിപാലിക്കുകയും ഇന്ധനവും സൂക്ഷിക്കുകയും ചെയ്തിരുന്നതാണ്. എന്നാൽ, ഇതു കൂടുതൽ സാമ്പത്തിക ബാദ്ധ്യതയുണ്ടാക്കുന്നതിനാൽ ഇന്ധനം സംഭരിക്കുന്നത് കെ.എസ്.ഇ.ബിയുടെ അനുമതിയോടെ എൻ.ടി.പി.സി അവസാനിപ്പിച്ചു. ഭൂരിപക്ഷം ജീവനക്കാരെയും മറ്റു യൂണിറ്റുകളിലേക്ക് മാറ്റി.

45 ദിവസം മുമ്പ് രേഖാമൂലമറിയിച്ചാൽ വൈദ്യുതി ഉത്പാദിപ്പിച്ച് നൽകാമെന്ന് കെ.എസ്.ഇ.ബിയുമായി ധാരണയുണ്ടാക്കിയിരുന്നു. ഭാരത് പെട്രോളിയം കോർപ്പറേഷനിൽ നിന്നാണ് നാഫ്ത വാങ്ങുന്നത്. രാജ്യത്തെ 164 താപനിലയങ്ങളിൽ നൂറിലും കൽക്കരി ശേഖരം കുറവാണ്.

സോളാർ പ്‌ളാന്റ്

കായംകുളം താപനിലയത്തിലെ സൗരോർജ്ജ പ്‌ളാന്റിൽ നിന്ന് വൈദ്യുതി ഉത്പാദനം ആരംഭിച്ചത് ആശ്വാസമായി. 22 മെഗാവാട്ട് പ്ലാന്റ് കഴിഞ്ഞ ഏപ്രിൽ ഒന്നിന് കമ്മിഷൻ ചെയ്തു. 70മെഗാവാട്ട് പ്ലാന്റ് അടുത്തമാസം കമ്മിഷൻ ചെയ്യും. ഇതോടെ 92 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാനാകും. 3.16 രൂപ നിരക്കിൽ 25 വർഷത്തേക്ക് സോളാർ വൈദ്യുതി വാങ്ങാമെന്നാണ് കെ.എസ്.ഇ.ബി ഒപ്പിട്ട ധാരണാ പത്രത്തിലുള്ളത്.

കെ.എസ്.ഇ.ബി രേഖാമൂലം ആവശ്യപ്പെട്ടാൽ എത്രയും വേഗത്തിൽ വൈദ്യുതി ഉത്പാദിപ്പിച്ച് വിതരണം നടത്തും. ഇപ്പോൾ സൗരോർജ്ജ പ്‌ളാന്റിൽ നിന്ന് 22മെഗാവാട്ട് വൈദ്യുതി നൽകുന്നുണ്ട്.

- എൻ.ടി.പി.സി അധികൃതർ