tur

തുറവൂർ: അജ്ഞാത വാഹനമിടിച്ചു സൈക്കിൾ യാത്രക്കാരൻ മരിച്ചു. തുറവൂർ പൂമംഗലത്ത് വീട്ടിൽ പി.സുരേഷ് (കുട്ടൻ - 50 ) ആണ് മരിച്ചത്. ദേശീയ പാതയിൽ തുറവൂർ പുത്തൻ ചന്ത ഇന്ത്യൻ ഓയിൽ പമ്പിന് സമീപം ശനിയാഴ്ച രാത്രി എട്ടരയോടെയായിരുന്നു അപകടം. ബന്ധുവിന്റ വീട്ടിലെ അടിയന്തിര ചടങ്ങിൽ പങ്കെടുത്തശേഷം സുരേഷ് സൈക്കിളിൽ തുറവൂരിലെ വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. തലയ്ക്ക് പിന്നിൽ ഗുരുതര പരിക്കേറ്റ് ഇരുട്ടിൽ റോഡരികിലെ പുല്ലിന് മുകളിൽ, രക്തം വാർന്ന് ഏറെ നേരം കിടന്ന സുരേഷിനെ വിവരമറിഞ്ഞെത്തിയ കുത്തിയതോട് പൊലീസ് ജീപ്പിൽ തുറവൂർ താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ദൃക്സാക്ഷി നൽകിയ സൂചനയുടെ അടിസ്ഥാനത്തിൽ സുരേഷിനെ ഇടിച്ചതെന്നു കരുതുന്ന, തടി കയറ്റി പോയ ലോറി ശാസ്ത്രീയ പരിശോധനയ്ക്കായി പൊലീസ് കസ്റ്റഡിയിലെടുത്തു. ഭാര്യ : മായ , മക്കൾ: ദേവീകൃഷ്ണ, കൃഷ്ണപ്രിയ