ആലപ്പുഴ: കാത്തിരിപ്പിന് വിരാമമായി, കുണ്ടും കുഴിയുമില്ലാത്ത സഞ്ചാര യോഗ്യമായ ചുങ്കം - പള്ളാത്തുരുത്തി റോഡ് യാഥാർത്ഥ്യമായി. പതിറ്റാണ്ടുകളായി തകർന്ന റോഡ് ചുങ്കം , തിരുമല, പള്ളാത്തുരുത്തി, കൈനകരി പഞ്ചായത്ത് എന്നിവിടങ്ങളിലെ ജനങ്ങൾക്ക് പെരുന്നാൾ സമ്മാനമായി ലഭിച്ച സന്തോഷത്തിലാണ്. ഇന്നലെ മന്ത്രി സജി ചെറിയാൻ റോഡ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. എച്ച്.സലാം എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. എല്ലാ മഴക്കാലത്തും ചെളി ചവിട്ടിയും, റോഡ് ഉപേക്ഷിച്ച് കനാലിൽ കൂടി യാത്ര ചെയ്തും കഷ്ടപ്പെട്ടിരുന്ന ജനങ്ങൾക്കാണ് ഏറെ വർഷങ്ങൾക്ക് ശേഷം ഉയർന്ന ടാറിട്ട റോഡ് ലഭിച്ചിരിക്കുന്നത്. ഓരോ വെള്ളപ്പൊക്ക കാലത്തും റോഡിലൂടെ വള്ളമിറക്കിയും, വാഴ നട്ടും, റോഡിന്റെ നടുക്ക് കട്ടിലിട്ടും നാട്ടുകാർ വിവിധ പ്രതിഷേധങ്ങൾ സംഘടിപ്പിച്ചിരുന്നു. നഗരത്തിൽ തന്നെ ഒരു റോഡിന് അനുവദിക്കപ്പെട്ട ഏറ്റവും കൂടിയ തുകയായ 2.80 കോടി രൂപയിൽ മൂന്ന് മാസം കൊണ്ടാണ് റോഡിന്റെ നിർമ്മാണം പൂർത്തീകരിച്ചത്. നിരവധി വിദേശ സഞ്ചാരികളടക്കം ചുങ്കം - പള്ളാത്തുരുത്തി റോഡിനെ ആശ്രയിച്ചിരുന്നു. ഗതാഗത യോഗ്യമല്ലാത്തതിനാൽ സ്‌കൂൾ കുട്ടികളും അദ്ധ്യാപകരുമടക്കം കടത്ത് വള്ളത്തെയാണ് ആശ്രയിച്ചിരുന്നത്. പല ഭരണസമിതികൾ മാറി മാറി വന്നിട്ടും പ്രശ്‌ന പരിഹാരമെന്നത് നാട്ടുകാർക്ക് സ്വപ്നമായിരുന്നു. റോഡ് പൊതുമരാമത്ത് വകുപ്പിന് നഗരസഭ നേരത്തെ കൈമാറിയിരുന്നു.
........
''കേരളത്തിൽ അതിവേഗത്തിൽ പൂർത്തിയായ റോഡുകളിൽ ഒന്നാണ് ചുങ്കം - പള്ളാത്തുരുത്തി. റോഡിന്റെ വികസനം ടൂറിസം വികസനത്തിന് അനുകൂല അന്തരീക്ഷം സൃഷ്ടിക്കും''
മന്ത്രി സജി ചെറിയാൻ
''ഇവിടെ വിവാഹം കഴിച്ച് എത്തിയിട്ട് 60 വർഷങ്ങൾ പിന്നിടുന്നു. ഇക്കാലമത്രയും, മഴക്കാലമായാൽ റോഡിലിറങ്ങാൻ സാധിച്ചിരുന്നില്ല. വള്ളത്തെ ആശ്രയിച്ചാണ് യാത്ര ചെയ്തിരുന്നത്. വേലിയേറ്റം മൂലം താഴ്ന്ന സ്ഥലങ്ങളിൽ ഇപ്പോഴും വെള്ളം കയറും. എന്നിരുന്നാലും, ചെളിയിൽ തെന്നി വീഴാതെ കരപറ്റാൻ റോഡ് യാഥാർത്ഥ്യമായതിൽ ഏറെ സന്തോഷം''
അസ്മാബീവി, ബംഗ്ലാവ് പറമ്പ്, തിരുമല വാർഡ്