ambala

അമ്പലപ്പുഴ : തോട്ടപ്പള്ളി പൊഴിയിൽ സുഹൃത്തുക്കളുമൊത്ത് കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു. കായംകുളം കൃഷ്ണപുരം പുള്ളിക്കണക്ക് പനയ്ക്കൽ പി.സി.രാധാകൃഷ്ണൻ - രാധാമണി ദമ്പതികളുടെ ഏകമകനും മധുര അണ്ണാ ഫാത്തിമ കോളേജിലെ ഒന്നാം വർഷ ഫോറൻസിക് വിദ്യാർത്ഥിയുമായ ദേവനാരായണൻ (19) ആണ് മരിച്ചത്. അവധിക്ക് ഞായറാഴ്ച നാട്ടിൽ വന്ന ദേവനാരായണൻ തിങ്കളാഴ്ച വൈകിട്ട് 6.30 ഓടെ സഹപാഠികളും സുഹൃത്തുക്കളുമായ പത്തനംതിട്ട തടിയൂർ കുന്നേൽ മേൽപ്പുറത്ത് റോബിൻ റജി (20), കരുവാറ്റ ഒറ്റത്തെങ്ങിൽ ദിഖിൽ (18) എന്നിവരുമൊത്ത് തോട്ടപ്പള്ളിയിലെ കുട്ടികളുടെ പാർക്കിന് സമീപം പൊഴിയിൽ ഇറങ്ങി കുളിക്കവേ മൂവരും വെള്ളത്തിൽ മുങ്ങിപ്പോകുകയായിരുന്നു. ബഹളം കേട്ട് ഓടി എത്തിയ മത്സ്യതൊഴിലാളികൾ റോബിനെയും ദിഖിലിനെയും ഉടൻ തന്നെ രക്ഷിച്ച് കരക്കെത്തിച്ചു. വിവരം അറിഞ്ഞെത്തിയ തോട്ടപ്പള്ളി കോസ്റ്റൽ പൊലീസും നാട്ടുകാരും രാത്രി വൈകിയും തെരച്ചിൽ നടത്തിയെങ്കിലും ദേവനാരായണനെ കണ്ടെത്താനായില്ല. ഇന്നലെ അതിരാവിലെ മുതൽ തെരച്ചിൽ പുനരാരംഭിച്ചു. മറൈൻ ഫോഴ്സ്, തോട്ടപ്പള്ളി കോസ്റ്റൽ പൊലീസ്, ഹരിപ്പാട് നിന്നെത്തിയ ഫയർഫോഴ്സ്, കൊച്ചിയിൽ നിന്നെത്തിയ കോസ്റ്റൽ ഗാർഡിന്റെ ബോട്ട്, മത്സ്യത്തൊഴിലാളികൾ തുടങ്ങിയവർ നടത്തിയ തെരച്ചിലിനൊടുവിൽ തോട്ടപ്പള്ളി സ്പിൽവേക്കു സമീപത്തു നിന്നും വൈകിട്ട് 5 ഓടെ മൃതദേഹം കണ്ടെത്തി. മൃതദേഹം ഹരിപ്പാട് താലൂക്ക് ആശുപത്രി മോർച്ചറിയിൽ.