
മാന്നാർ : പൈതൃക ടൂറിസത്തിനോടൊപ്പം പിൽഗ്രിം ടൂറിസത്തിനും പ്രാധാന്യം നൽകി, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ മാന്നാർ, നിരണം, പരുമല, പാണ്ടനാട്, ചെങ്ങന്നൂർ, ആറന്മുള തുടങ്ങിയ പ്രദേശങ്ങളെ ബന്ധിപ്പിച്ച് നടപ്പാക്കുന്ന പൈതൃകഗ്രാമം ടൂറിസം പദ്ധതിയുടെ രൂപരേഖയും എസ്റ്റിമേറ്റും തയ്യാറാക്കുന്നതിന്റെ ഭാഗമായി മന്ത്രി സജി ചെറിയാന്റെ നേതൃത്വത്തിലുള്ള സംഘം മാന്നാർ പന്നായിക്കടവിലുള്ള ബോട്ടു ജെട്ടിയും പരിസരവും സന്ദർശിച്ചു. പദ്ധതിയുടെ ഭാഗമാകുന്ന മറ്റ് കേന്ദ്രങ്ങളിലും സംഘമെത്തി
ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സഹകരണ സൊസൈറ്റിയുടെ എൻജിനിയറിംഗ് വിഭാഗത്തിലെയും ആർക്കിടെക്ട് വിഭാഗത്തിലെയും ഉദ്യോഗസ്ഥരാണ് മന്ത്രിയോടൊപ്പം ഉണ്ടായിരുന്നത്. സംസ്ഥാന ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ്അംഗം കൃഷ്ണകുമാർ ജി, മാന്നാർ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ അദ്ധ്യക്ഷൻ സലിം പടിപ്പുരയ്ക്കൽ, സി.പി.എം ഏരിയ കമ്മിറ്റിയംഗം പി.എൻ.ശെൽവരാജ്, ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ.എം. അശോകൻ, ലോക്കൽ കമ്മിറ്റിയംഗം പി.ജി.അനന്തകൃഷ്ണൻ, ചോരാത്തവീട് പദ്ധതി ചെയർമാൻ കെ.എ കരീം എന്നിവരും മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു.
പദ്ധതിയിൽ ലക്ഷ്യമിടുന്നത്
പമ്പാനദിയുടെയും കുട്ടമ്പേരൂർ ആറിന്റെയും സാദ്ധ്യതകൾ പ്രയോജനപ്പെടുത്തി തീർത്ഥാടന കേന്ദ്രങ്ങൾ, വിനോദ സഞ്ചാര കേന്ദ്രങ്ങൾ, പൈതൃക സ്മാരകങ്ങൾ, പരമ്പരാഗത വ്യവസായങ്ങൾ, കലാരൂപങ്ങൾ എന്നിവയുടെ പ്രോത്സാഹനവും സംരക്ഷണവും പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു. മാന്നാറിലെ പരമ്പരാഗത ഓട്, വെള്ളി വ്യവസായങ്ങൾ, കല്ലിശേരിയിലെ മൺപാത്ര നിർമാണം, കരിങ്കൽശില്പ നിർമ്മാണം എന്നിവയുടെ പുനരുദ്ധാരണം, ആധുനികവൽക്കരണം, പരിശീലനം, വിപണനം എന്നിവയും പദ്ധതിയുടെ ഭാഗമാണ്. പള്ളിയോടങ്ങൾ, പാണ്ടനാട് ഐ.പി.എൽ-ആറന്മുള ജലോത്സവങ്ങൾ എന്നിവയെക്കുറിച്ച് കൂടുതൽ അറിയാനും പ്രചരിപ്പിക്കാനുമുള്ള സൗകര്യങ്ങളും ഒരുക്കും. ആറന്മുള കണ്ണാടിയുടെ പ്രചാരണവും ലക്ഷ്യമിടുന്നു.
പദ്ധതിയുടെ ചിലവ് : ₹35 കോടി