
അമ്പലപ്പുഴ : വാഗമണ്ണിലുണ്ടായ അപകടത്തിൽ വളഞ്ഞവഴി സ്വദേശിയായ വിദ്യാർത്ഥി മരിച്ചു. വളഞ്ഞവഴി വേലിക്കകത്ത് വീട്ടിൽ അബ്ദുൾ വഹാബ് - നദീറ ദമ്പതികളുടെ മകൻ അബ്ദുൾ ഖാദർ (20) ആണ് മരിച്ചത്. ഇന്നലെ രാവിലെ പെരുന്നാൾ നമസ്ക്കാരത്തിന് ശേഷം 2 ബൈക്കുകളിലായി അബ്ദുൾ ഖാദർ ഉൾപ്പെടെ നാലു പേരാണ് വാഗമണ്ണിലേക്ക് പുറപ്പെട്ടത്. പാമ്പാടി ഭാഗത്തുവെച്ച് മുന്നിൽ പോവുകയായിരുന്ന ടിപ്പറിൽ നിന്ന് മണൽ തെറിച്ച് അബ്ദുൾ ഖാദറിന്റെ മുഖത്തേക്ക് വീണതിനെത്തുടർന്ന് ബൈക്ക് നിയന്ത്രണം തെറ്റി മറിയുകയായിരുന്നെന്നാണ് ബന്ധുക്കൾക്ക് ലഭിച്ച വിവരം. ഒപ്പമുണ്ടായിരുന്ന യുവാവിന് പരിക്കേറ്റു. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിന് ശേഷം അബ്ദുൾ ഖാദറിന്റെ മൃതദേഹം ഇന്ന് വീട്ടിലെത്തിക്കും. സംസ്കാരം വിദേശത്തുള്ള പിതാവ് എത്തിയ ശേഷം.പുന്നപ്ര സെന്റ് ഗ്രിഗോറിയസ് കോളേജിലെ ഡിഗ്രി വിദ്യാർത്ഥിയായ അബ്ദുൾ ഖാദർ പഠന സമയത്തിന് ശേഷം വളഞ്ഞവഴിയിലെ സ്വകാര്യ സൂപ്പർ മാർക്കറ്റിൽ ജോലി ചെയ്തു വരികയായിരുന്നു. സഹോദരങ്ങൾ: ബിലാൽ, ഫർഹാൻ.