കുട്ടനാട്: എസ്.എൻ.ഡി​.പി​ യോഗം കോട്ടഭാഗം 19ാം നമ്പർ ശാഖായോഗം വൈസ് പ്രസിഡന്റും പൊതുപ്രവർത്തകനുമായ ഷൈമോനെ കള്ളക്കേസിൽ കുടുക്കാനും, വീട്ടിലെത്തി പ്രായംചെന്ന മാതാവുൾപ്പെടെയുള്ള കുടുംബാംഗങ്ങളെ ഭീഷണിപ്പെടുത്താനും തയ്യാറായ പുളിങ്കുന്ന് എസ് ഐ പ്രദീപിനെതിരെ കുട്ടനാട് യൂണിയൻ പ്രതിഷേധവുമായി രംഗത്തെത്തി​. 2022 ഫെബ്രുവരി 14ന് എ.സി റോഡി​ലെ സെമി എലിവേറ്റഡ് പാത ഉയരം കൂട്ടി നിർമ്മിക്കാൻ തയ്യാറാകണമെന്നാവശ്യപ്പെട്ട് കുട്ടനാട് യൂണിയന്റെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ മാർച്ചിൽ പങ്കെടുത്തതിന് ഷൈമോനടക്കം 36പേർക്കെതി​രെ കേസെടുത്തി​രുന്നു. 2019ൽ ശാഖയുമായി ബന്ധപ്പെട്ട് പ്രദേശത്തുണ്ടായ ചില തർക്കങ്ങളുടെ പേരിൽ എതിർ വിഭാഗം നൽകിയ പരാതിപ്രകാരം ഷൈമോനെ കള്ളക്കേസിൽപ്പെടുത്തിയെന്നും, ഷൈമോൻ നൽകിയ പരാതി പരി​ഗണി​ക്കാൻ പുളി​ങ്കുന്ന് പൊലീസ് തയ്യാറായി​ല്ലെന്നും യൂണിയൻ ആരോപി​ച്ചു. പ്രതിഷേധ യോഗം യൂണിയൻ ചെയർമാൻ പി.വി.ബിനേഷ് പ്ലാത്താനത്ത് ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ എം.ഡി.ഓമനക്കുട്ടൻ അദ്ധ്യക്ഷനായി. കൺവീനർ സന്തോഷ് ശാന്തി അഡ്മിനിസ്ട്രേറ്റിവ് കമ്മി​റ്റിയംഗങ്ങളായ എം.പി.പ്രമോദ്, ടി​.എസ്. പ്രദീപ്കുമാർ , കെ.കെ.പൊന്നപ്പൻ പി.ബി.ദിലീപ് എന്നിവർ പ്രസംഗിച്ചു.