a

മാവേലിക്കര: ആത്മബോധോദയ സംഘം സ്ഥാപകൻ ശുഭാനന്ദ ഗുരുവിന്റെ 140ാമത് പൂരം ജന്മനക്ഷത്ര മഹാമഹത്തിന് കൊറ്റാർകാവ് ശുഭാനന്ദാദർശാശ്രമത്തിൽ കൊടിയേറി. സംഘം ധർമ്മ കർത്താവും മഠാധിപതിയുമായ ജ്ഞാനാന്ദജി കൊടിയേറ്റി​ന് മുഖ്യ കാർമ്മികത്വം വഹിച്ചു. സംഘം കർമ്മ കർത്താവ് സ്വാമി സൂക്ഷ്മാനന്ദജി, ജനറൽ സെക്രട്ടറി കെ.എം.ഗോപാലകൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.

8ന് ഉച്ചയ്ക്ക് 2.30ന് യുവജന മഹിളാ സമ്മേളനം കെ.യു.ജനീഷ്‌കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്യും. കേന്ദ്ര മഹിളാസമാജം പ്രസിഡന്റ് അനിത രാജൻ അദ്ധ്യക്ഷയാവും. ചേർത്തല പ്രിൻസിപ്പൽ മുൻസിഫ് മജിസ്‌ട്രേട്ട് ആശാദേവി വി.എസ് മുഖ്യപ്രഭാഷണം നടത്തും. അരുവാപ്പുലം പഞ്ചായത്ത് പ്രസിഡന്റ് രേഷ്മ മറിയം റോയി മുഖ്യാതിഥിയാകും. ജനറൽ സെക്രട്ടറി കെ.എം.ഗോപാലകൃഷ്ണൻ ജന്മനക്ഷത്ര സന്ദേശം നൽകും. 10ന് വൈകിട്ട് 3ന് ആചാര്യ സമ്മേളനം മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും. മുൻ എം.എൽ.എ ആർ.രാജേഷ് മുഖ്യപ്രഭാഷണം നടത്തും. സ്വാമി സൂക്ഷ്മാനന്ദ അനുഗ്രഹ പ്രഭാഷണം നടത്തും. വൈകിട്ട് 7 മുതൽ സ്മരണാജ്ഞലി നടക്കും.

11ന് രാവിലെ 9ന് ജന്മനക്ഷത്ര ഘോഷയാത്ര മഹാസമാധി സന്നിധാനത്തിൽ നിന്നും പുറപ്പെട്ട് കൊറ്റാർകാവ് ദേവീക്ഷേത്രം വഴി കുരിശടിയിലെത്തി അവിടെ നിന്ന് ബുദ്ധജംഗ്ഷൻ വഴി മിച്ചൽ ജംഗ്ഷനിലെത്തി പുതിയകാവ് ബ്ലോക്ക് ജംഗ്ഷൻ വഴി മഹാസമാധി സന്നിധാനത്തിൽ എത്തിച്ചേരും.വൈകി​ട്ട് 3ന് ജന്മനക്ഷത്ര മഹാസമ്മേളനം മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്യും. മന്ത്രി കെ.രാധാകൃഷ്ണൻ ആദർശാശ്രമഫണ്ട് ഉദ്ഘാടനവും കൊടിക്കുന്നിൽ സുരേഷ് എം.പി ജീവകാരുണ്യ നിധി ഉദ്ഘാടനവും നിർവ്വഹിക്കും. സംഘം ജനറൽ സെക്രട്ടറി കെ.എം.ഗോപാലകൃഷ്ണൻ അധ്യക്ഷനാവും.