
ആലപ്പുഴ : നഗര,ഗ്രാമ വ്യത്യാസമില്ലാതെ കുടിവെള്ള പ്രശ്നം രൂക്ഷമാകുമ്പോഴും പരിഹാരത്തിന് ശാശ്വതമായ നടപടിയില്ല. ഒരു ഭാഗത്ത് പൈപ്പ് പൊട്ടലിനെ തുടർന്നുള്ള പ്രശ്നങ്ങൾ വില്ലനാകുമ്പോൾ, മറുഭാഗത്ത് കാലപ്പഴക്കം ചെന്ന പൈപ്പുകളാണ് തലവേദന സൃഷ്ടിക്കുന്നത്. വർഷങ്ങളുടെ പഴക്കമുള്ള പൈപ്പുകൾ മാറ്റി പുതിയവ സ്ഥാപിക്കുക മാത്രമാണ് ഇത്തരം സ്ഥലങ്ങളിൽ ഏക പോംവഴിയെന്ന് വാട്ടർ അതോറിട്ടി അധികൃതർ വ്യക്തമാക്കുന്നു. ചില സ്ഥലങ്ങളിൽ പരിസര പ്രദേശങ്ങളിൽ ജലം ലഭിക്കുമ്പോഴും, ഏതാനും വീടുകളിൽ മാത്രം ലഭിക്കാത്ത സ്ഥിതിയുണ്ട്. ഇത്തരം സ്ഥലങ്ങളിൽ പുതിയ പൈപ്പ് സ്ഥാപിക്കുന്നതോടെ പ്രശ്നപരിഹാരമാകുമെന്നാണ് അധികൃതർ വിശദീകരിക്കുന്നത്.
ആലപ്പുഴ കുടിവെള്ള പദ്ധതിയുടെ തകഴി ഭാഗത്തെ പ്രശ്നം പരിഹരിച്ചെങ്കിലും, നഗരത്തിലും സമീപ പഞ്ചായത്തുകളിലും ജലവിതരണം ഒരുപോലെ സാദ്ധ്യമായിട്ടില്ല. പൈപ്പ് പൊട്ടൽ പൂർണമായും പരിഹരിക്കുന്നതിന് വിവിധ ഘട്ടങ്ങളായാണ് പണി നടക്കുന്നത്. ജൂൺ അവസാനത്തോടെ മാത്രമേ പരിപൂർണ പരിഹാരത്തിന് സാദ്ധ്യത തെളിയൂ. അത്രയും നാൾ ശുദ്ധജലം എല്ലാ ലൈനുകളിലും ഒരുപോലെ ലഭിക്കില്ല. പുതിയ പൈപ്പ് സ്ഥാപിക്കുന്ന ജോലി നടക്കുന്നതിനാൽ പമ്പിംഗിന്റെ സമയം കുറവാണ്. പമ്പിംഗിന് ശക്തി കുറവായതിനാൽ ലഭിക്കുന്ന വെള്ളം ഉയരം കൂടിയ പ്രദേശങ്ങളിലെ ലൈനുകളിലടക്കം എത്തിച്ചേരാറില്ല. കാലപ്പഴക്കമുള്ള ലൈനുകളും, ഉൾപ്രദേശങ്ങളിലേക്കുള്ള സബ് ലൈനുകളുമാണ് ഇത്തരത്തിൽ വെള്ളം കിട്ടാതെ വലയുന്നത്. നഗരത്തിൽ മൂന്ന് ജലസംഭരണികൾ നിർമ്മാണം പൂർത്തിയായിട്ടും കമ്മീഷൻ ചെയ്തിട്ടില്ല. പഴവങ്ങാടി, ആലിശ്ശേരി, കൊമ്മാടി എന്നിവിടങ്ങളിലാണ് ജലസംഭരണികൾ ഒരുക്കിയിരിക്കുന്നത്. ഇവയുടെ പ്രവർത്തനം ആരംഭിച്ചാൽ പരിധിവരെ കുടിവെള്ള ക്ഷാമത്തിൽ നിന്ന് കരകയറാൻ നഗരത്തിനും, സമീപ പഞ്ചായത്തുകൾക്കും സാധിക്കും.
കുടിവെള്ള വിതരണം സുഗമമല്ല
ഒരു തുള്ളി ശുദ്ധജലം പോലും ലഭിക്കാത്ത ഗ്രാമപ്രദേശങ്ങളിൽ, തുടർച്ചയായി അധികൃതരോട് അപേക്ഷിച്ചിട്ടും കുടിവെള്ളം എത്തിക്കുന്നില്ലെന്ന പരാതിയുണ്ട്. ആലപ്പുഴ, ആര്യാട്, മണ്ണഞ്ചേരി, ഹരിപ്പാട് പ്രദേശങ്ങളിലാണ് ജലപ്രതിസന്ധി രൂക്ഷമായിരിക്കുന്നത്.
കാലപ്പഴക്കമുള്ള പൈപ്പ് ലൈനുകളിൽ സർവീസ് ബ്ലോക്കേജിനുള്ള സാദ്ധ്യത വളരെ കൂടുതലാണ്. പമ്പിംഗ് സുഗമമായിട്ടും വെള്ളം ലഭിക്കാത്ത പ്രശ്നമുള്ളവർ ലൈസൻസ്ഡ് പ്ലംബർമാരെ ഉപയോഗിച്ച് പുതിയ പൈപ്പുകൾ സ്ഥാപിക്കുകയാണ് പോംവഴി
- എക്സിക്യുട്ടിവ് എൻജിനീയർ, ജല അതോറിട്ടി, ഹരിപ്പാട്