waste

ആലപ്പുഴ: പത്തടി ദൂരത്തുള്ള എയറോബിക് കമ്പോസ്റ്റ് യൂണിറ്റിനെ അവഗണിച്ച് പൊതുനിരത്തിനെ മാലിന്യ നിക്ഷേപ കേന്ദ്രമാക്കുന്നു. ഫുഡ് കോർപ്പറേഷൻ ഗോഡൗണിന് സമീപത്തെ വെളിംപ്രദേശമാണ് വർഷങ്ങളായി മാലിന്യനികഞ്ഞഷേപകേന്ദ്രമായിട്ടുള്ളത്. പ്രദേശത്ത് സി.സി ടിവി കാമറകളോ, ആളനക്കമോ ഇല്ലാത്തത് മാലിന്യ നിക്ഷേപകർക്ക് തുണയാകുന്നു.

മാംസാവശിഷ്ടങ്ങൾ, കോഴിത്തൂവലുകൾ, ബാർബർ ഷോപ്പിൽ നിന്നുള്ള മുടി തുടങ്ങിയവയാണ് ചാക്കിൽ കെട്ടി ഇവിടെ നിക്ഷേപിക്കുന്നത്. ഇരുചക്ര വാഹനങ്ങളിലെത്തിയാണ് മാലിന്യമടങ്ങിയ ചാക്കുകൾ തള്ളുന്നത്. നഗരത്തിൽ രാത്രികാല സ്ക്വാഡ് സജീവമായി പ്രവ‌ർത്തിക്കുമ്പോഴും നടക്കുന്ന ഇത്തരം പ്രവൃത്തികൾ 'അഴകോടെ ആലപ്പുഴ" പദ്ധതിക്കടക്കം തടസമാവുകയാണ്. ഉൾപ്രദേശങ്ങളിലടക്കം സുരക്ഷാ കാമറകൾ അടിയന്തരമായി സ്ഥാപിച്ചാൽ കുറ്റവാളികളെ തെളിവോടെ പിടികൂടാനും, പിഴ ചുമത്താനും സാധിക്കും. മാലിന്യങ്ങൾ കെട്ടിക്കിടക്കുന്ന പ്രദേശങ്ങൾ കേന്ദ്രീകരിച്ച് തെരുവുനായ്ക്കളും കൂട്ടത്തോടെ തമ്പടിക്കുകയാണ്. ജില്ലാ പൊലീസ് മേധാവിയുടെ ഔദ്യോഗിക വസതിക്ക് വിളിപ്പാടകലെയാണ് മാലിന്യ നിക്ഷേപം നടക്കുന്നത്.

 സി.സി.ടി.വി ഇല്ല

 പ്രദേശത്ത് ആളനക്കം കുറവ്

 നൈറ്റ് സ്ക്വാഡ് എത്തണമെന്ന് ആവശ്യം

മാലിന്യ നിക്ഷേപത്തിനെതിരെ പ്രചാരണങ്ങൾ നടക്കുമ്പോഴും തെരുവിലെമ്പാടും മാലിന്യം വലിച്ചെറിയൽ മുറപോലെ നടക്കുകയാണ്.

- സലിം പുളിമൂട്ടിൽ, പൊതുപ്രവർത്തകൻ