
ആലപ്പുഴ: ദേശീയപാതയിൽ വലിയചുടുകാട് ജംഗ്ഷനിൽ കാറിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു. നഗരസഭ ഇരവുകാട് വാർഡിൽ ജീമംഗലം വീട്ടിൽ ബാബു-കവിത ദമ്പതികളുടെ മകൻ അഖിൽബാബു (24) ആണ് മരിച്ചത്. ഇന്നലെ പുലർച്ചെ 12.45നായിരുന്നു അപകടം. ഇലക്ട്രീഷ്യനായ അഖിൽ ജനറൽ ആശുപത്രി ജംഗ്ഷനിലെ പമ്പിൽ നിന്ന് നിന്ന് ബൈക്കിൽ പെട്രോൾ നിറച്ച ശേഷം വീട്ടിലേയ്ക്കു മടങ്ങുമ്പോൾ എതിരെ വന്ന കാർ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിച്ചു കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബൈക്കിൽ നിന്ന് തെറിച്ച് അഖിൽ റോഡിലേക്ക് വീണു. ഗുരുതരമായി പരിക്കേറ്റ അഖിലിനെ ആദ്യം ജനറൽ ആശുപത്രിയിലും പിന്നീട് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംസ്കാരം ഇന്നലെ വലിയ ചുടുകാട്ടിൽ നടന്നു. പിതാവ് ബാബു കളർകോട് ജംഗ്ഷനിലെ ഓട്ടോഡ്രൈവറാണ്. സഹോദരി : അഹല്യ. സഞ്ചയനം 7ന് രാവിലെ 10.40ന്.