ഹരിപ്പാട് : ഹരിപ്പാട് മണ്ഡലത്തിലെ ആറാട്ടുപുഴ, തൃക്കുന്നപ്പുഴ പഞ്ചായത്തുകളിലെ സുനാമി കോളനികളുടെ നവീകരണത്തിന് പ്രത്യേക കർമ്മപദ്ധതി നടപ്പാക്കാൻ തീരുമാനമായതായി രമേശ് ചെന്നിത്തല എം.എൽ.എ അറിയിച്ചു. മന്ത്രി സജിചെറിയാന്റെ അദ്ധ്യക്ഷതയിൽ സെക്രട്ടേറിയറ്റിൽ നടന്ന യോഗത്തിലാണ് തീരുമാനം. തൃക്കുന്നപ്പുഴ പഞ്ചായത്തിൽ പുതിയ മത്സ്യഭവൻ സ്ഥാപിക്കാനും പുനർഗേഹം പദ്ധതി നിർവ്വഹണം ത്വരിതപ്പെടുത്തുന്നതിന് ഗുണഭോക്താക്കളുടെ പ്രത്യേക യോഗം വിളിച്ചു ചേർക്കാനും ആറാട്ടുപുഴ ഫിഷറീസ് ആശുപത്രിക്ക് പുതിയ കെട്ടിടം നിർമ്മിക്കാനും ആറാട്ടുപുഴ ഫിഷിംഗ് ഹാർബർ നിർമ്മിക്കുന്നതിന് സാദ്ധ്യതാ പഠനം നടത്താനും യോഗത്തിൽ തീരുമാനിച്ചു.
ഹരിപ്പാട് മണ്ഡലത്തിലേതുൾപ്പെടെ കേരളത്തിലെ വിവിധ തീരദേശ മേഖലകളിൽ നിർമ്മിച്ചിട്ടുള്ള സുനാമി കോളനികളുടെ അവസ്ഥാപഠനം നടത്തി സമഗ്രമായ റിപ്പോർട്ട് നൽകുന്നതിന് ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥർക്ക് മന്ത്രി നിർദേശം നൽകി. തൃക്കുന്നപ്പുഴ, ആറാട്ടുപുഴ സുനാമികോളനികളുടെ പ്രശ്നങ്ങൾ പഠിക്കുന്നതിന് ആലപ്പുഴ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറെ ചുമതലപ്പെടുത്തി. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രി തലത്തിൽ റവന്യൂ വകുപ്പുമായി ചേർന്ന് യോഗം വിളിച്ചു ചേർത്ത് കോളനികളുടെ വികസനത്തിനുള്ള പദ്ധതി നടപ്പാക്കും. തൃക്കുന്നപ്പുഴ, ആറാട്ടുപുഴ പഞ്ചായത്തുകളിലെ പുനർഗേഹം പദ്ധതി നടത്തിപ്പിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് എം.എൽഎയുടെ അദ്ധ്യക്ഷതയിൽ പഞ്ചായത്ത് പ്രസിഡന്റുമാർ, ഫിഷറീസ് ഉദ്യോഗസ്ഥർ എന്നിവരുടെ സാനിധ്യത്തിൽ ബന്ധപ്പെട്ട ഗുണഭോക്താക്കളുടെ മീറ്റിംഗ് വിളിച്ചു ചേർക്കുന്നതിനും തീരുമാനമായി. ആറാട്ടുപുഴയിൽ സ്ഥാപിച്ചിട്ടുള്ള ഫിഷ് മീൽ പ്ലാന്റിന്റെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കും. ഇവിടെ പുതിയ ഓയിൽ എക്സ്ട്രാക്ഷൻ പ്ലാന്റ് സ്ഥാപിക്കുന്നതിനായി 8ലക്ഷം രൂപ അനുവദിക്കും.