s

എ.സി റോഡ് നിർമ്മാണത്തെ ബാധിക്കില്ല

ആലപ്പുഴ: വിലവ്യതിയാന വ്യവസ്ഥ എല്ലാ കരാറുകളിലും മുൻകാല പ്രാബല്യത്തോടു കൂടി ഏർപ്പെടുത്തുന്നതടക്കംവിവിധ വിഷയങ്ങൾ ഉന്നയിച്ച് സംസ്ഥാനത്തെ സർക്കാർ കരാറുകാർ നാളെ പണിമുടക്കും. ചെറുകിട നി‌ർമ്മാണ പ്രവൃത്തികൾ ഒരു ദിവസത്തേക്ക് നിശ്ചലമാകുമെങ്കിലും, ജില്ലയിൽ നടക്കുന്ന പ്രധാന പ്രവൃത്തിയായ എ.സി റോഡ് പുനർനിർമ്മാണത്തെ സമരം ബാധിക്കില്ല.

ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ ഓപ്പറേറ്റിവ് സൊസൈറ്റിയാണ് എ.സി റോഡിന്റെ കരാർ ഏറ്റെടുത്തിരിക്കുന്നത്. കരാർ തുകകൾ അപ്രസക്തമാക്കുന്ന വിധം നിർമ്മാണ ചിലവുകൾ വർദ്ധിക്കുന്ന സാഹചര്യത്തിലാണ് തങ്ങൾ സമര മാർഗ്ഗത്തിലേക്ക് കടക്കുന്നതെന്ന് കരാറുകാർ വ്യക്തമാക്കി. ഏറ്റെടുത്ത പ്രവൃത്തികൾ പൂർത്തിയാക്കാനോ പുതിയ പ്രവൃത്തികൾ ഏറ്റെടുക്കാനോ കഴിയാത്ത സ്ഥിതിയാണ്. കഴിഞ്ഞ 19ന് ധനമന്ത്രിയും, പൊതുമരാമത്ത് മന്ത്രിയുമായി ഗവ കോൺട്രാക്ടേഴ്സ് ഏകോപന സമിതി ചർച്ച നടത്തിയിരുന്നു. നഷ്ടം നികത്തി തരാമെന്ന് വാക്കാൽ ഉറപ്പു നൽകുന്നതല്ലാതെ നടപടികളുണ്ടാകാത്തതിന്റെ അടിസ്ഥാനത്തിലാണ് സമരമാർഗത്തിലേക്ക് പ്രവേശിക്കുന്നതെന്ന് കരാറുകാർ പറയുന്നു. കരാർ ഒപ്പിട്ട ശേഷം ഉണ്ടാകുന്ന വിലവർദ്ധനവിന് അനുസരിച്ച് നഷ്ടം നികത്തി കിട്ടണമെന്നാണ് പ്രധാന ആവശ്യം. സാധനങ്ങൾക്ക് വില കുറയുന്ന സാഹചര്യമുണ്ടായാൽ അതിനനുസരിച്ച് സഹകരിക്കാനും തയ്യാറാണെന്ന് കരാറുകാർ വ്യക്തമാക്കുന്നു. ടാറിന് അനുവദിച്ച നഷ്ടപരിഹാരം പോലും കരാറുകാർക്ക് ലഭിക്കുന്നില്ലെന്നാണ് ആക്ഷേപം.

ഷെഡ്യൂൾ പരിഷ്കരിക്കണം

2018ലെ ഡൽഹി ഷെഡ്യൂൾ നിരക്കുകളിലാണ് കേരളത്തിൽ ഇന്നും അടങ്കലുകൾ തയ്യാറാക്കുന്നത്. ഇതിനിടെ പല തവണ സിമന്റിനും, കമ്പിക്കുമടക്കം എല്ലാ നിർമ്മാണ സാമഗ്രികൾക്കും വില കുതിച്ചുയർന്നു. വിലവ്യതിയാന വ്യവസ്ഥ എല്ലാ കരാറുകളിലും മുൻകാല പ്രാബല്യത്തോടു കൂടി ഏർപ്പെടുത്തിയാൽ മാത്രമേ നഷ്ടമില്ലാതെ പ്രവൃത്തികൾ ചെയ്തു തീർക്കാൻ സാധിക്കൂവെന്ന് കരാറുകാർ പറയുന്നു.

കരാറുകാർ പറയുന്നത്

 സിമന്റ്, സ്റ്റീൽ, പൈപ്പുകൾ തുടങ്ങിയവയുടെ നഷ്ടപരിഹാരത്തിന് ഉത്തരവുകൾ ഇറക്കുന്നില്ല

 ജി.എസ്.ടി നടപ്പാക്കിയപ്പോൾ കരാറുകാർക്കുണ്ടായ നഷ്ടം നികത്തിയിട്ടില്ല
 ജി.എസ്.ടി 12ൽ നിന്നും18 ശതമാനമാക്കിയപ്പോഴുള്ള നഷ്ടം പരിഹരിക്കുന്നില്ല

നാളെ നടത്തുന്നത് സൂചനാ പണിമുടക്കാണ്. നിരവധി തവണ മന്ത്രിമാർക്ക് നിവേദനം നൽകുകയും, നേരിൽ കണ്ട് ചർച്ചകൾ നടത്തുകയും ചെയ്തു. കനത്ത നഷ്ടം സഹിച്ചാണ് കോൺട്രാക്ടർമാർ പണികൾ പൂർത്തിയാക്കുന്നത്. 2021ലെ ഷെഡ്യൂൾ ഓഫ് റേറ്റ്സ് പ്രാബല്യത്തിൽ വരുത്തുകയാണ് പ്രധാന ആവശ്യം

- വർഗീസ് കണ്ണമ്പള്ളി, കൺവീനർ
ഗവ. കോൺട്രാക്ടേഴ്സ് സംസ്ഥാന ഏകോപന സമിതി