ആലപ്പുഴ: ആലപ്പുഴ -ചേർത്തല കനാലിന്റെ നവീകരണജോലികൾ അന്തിമഘട്ടത്തിലും പോളപായൽ നിറഞ്ഞ് കനാൽ. ആദ്യം നവീകരിച്ച ഭാഗങ്ങളിലാണ് പോളയും പായലും വീണ്ടും നിറയുന്നത്. പണം അനുവദിച്ചിട്ടും ആധുനിക പോളവാരൽ യന്ത്രമായ വീഡ് ഹർവെസ്റ്റർ വാങ്ങാൻ വൈകുന്നതാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത്. ടെണ്ടറിൽ പങ്കെടുത്ത കരാറുകാർ എസ്റ്റിമേറ്റ് തുകയുടെ 50ശതമാനം തുക അധികമായി ആവശ്യപ്പെട്ടതിനാൽ കരാർ ഉറപ്പിക്കാൻ കഴിയാത്തത്. ടെണ്ടർ വിവരം സർക്കാരിനെ അറിയിച്ചെങ്കിലും പുതിയ എസ്റ്റിമേറ്റ് തയ്യാറാക്കി ടെണ്ടർ നടത്താനുള്ള നിർദേശമാണ് അധികൃതർക്ക് ലഭിച്ചത്. കനാലുകളിൽ മാലിന്യം നിക്ഷേപിക്കുന്നവരെ കണ്ടെത്താൻ നിരീക്ഷണ കാമറകൾക്കുമായി രണ്ട് കോടിയുടെ പദ്ധതിക്ക് കിഫ്ബി അംഗീകാരം ലഭിച്ചെങ്കിലും, തുടർ പ്രവർത്തനങ്ങൾ ഇഴയുകയാണ്.നവീകരണ മേൽനോട്ട ചുമതല കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെന്റ് കോർപറേഷനാണ്. 28 കിലോമീറ്റർ ദൈർഘ്യമുള്ള കനാലിലെ 11 കിലോമീറ്ററാണ് ആദ്യഘട്ടത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. മട്ടാഞ്ചേരി പാലം മുതൽ കലവൂർ ജംഗ്ഷൻ വരെയുള്ള ഭാഗത്ത് ഒൻപത് പാലങ്ങൾ പുതുതായി നിർമ്മിച്ച് കനാലിലെ പോള നീക്കി ഇരുഭാഗവും സംരക്ഷണ ഭിത്തികെട്ടുന്നതാണ് പദ്ധതി. മട്ടാഞ്ചേരി പാലം മുതൽ കൊമ്മാടി പാലത്തിന് വടക്കുഭാഗം വരെയും എ.എസ് കനാലിൽ കലവൂർ അമ്പനാകുളങ്ങര വരെയും ചെളി നീക്കം ചെയ്യൽ പൂർത്തീകരിച്ചു. ഈ ഭാഗത്തെ കനാലിൽ പോളയും പായലും വള്ളിപ്പടർപ്പുകളും വ്യാപിക്കുകയാണ്. ആദ്യഘട്ടത്തിൽ നവീകരണം പൂർത്തീകരിച്ച വാടക്കനാൽ, കൊമേഴ്സ്യൽ കനാലുകളിലെ പോളയും പായലും തൊഴിലാളികളെ ഉപയോഗിച്ച് നീക്കം ചെയ്യുകയാണ്.
........
കനാലിൽ ഉപ്പുവെള്ളം കയറ്റാൻ ആലോചിച്ചെങ്കിലും പ്രായോഗികമല്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് പോളവാരൽ യന്ത്രം വാങ്ങാൻ തീരുമാനിച്ചത്. കരാറുകാർ എസ്റ്റിമേറ്റ് തുകയുടെ 50ശതമാനം തുക അധികമായി ആവശ്യപ്പെട്ടത് വിനയായി. പുതിയ എസ്റ്റിമേറ്റ് തയ്യാറാക്കി ടെണ്ടർ നടത്താനാണ് സർക്കാർ നിർദേശം.
കെ.പി. ഹരൻബാബു, ഡെപ്യൂട്ടി ജനറൽ മാനേജർ,
കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്പ്‌മെന്റ് കോർപ്പറേഷൻ