
അമ്പലപ്പുഴ : ചികിത്സയ്ക്കു ശേഷം പോകാനിടമില്ലാതിരുന്ന 63കാരന് അമ്പലപ്പുഴയിലെ സ്നേഹവീട്ടിൽ അഭയമൊരുക്കി. 20 വർഷമായി തെരുവിൽ അലഞ്ഞുതിരിഞ്ഞ്, ഒടുവിൽ അസുഖ ബാധിതനായി ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസയിലായിരുന്ന ശിവദാസനാണ് (63) ന് അഭയമൊരുങ്ങിയത്. ആറന്മുളയിലും പരിസരപ്രദേശങ്ങളിലും തെരുവിൽ കഴിഞ്ഞിരുന്ന ശിവദാസനെ കാലിലെ വൃണം ഗുരുതരാവസ്ഥയിലായതിനെ തുടർന്ന് മാർച്ച് 28ന് നാട്ടുകാർ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.ഒരു മാസത്തെ ചികിത്സക്ക് ശേഷം രോഗം ഭേദമായി ഡിസ്ചാർജ്ജ് ചെയ്തെങ്കിലും പോകാനിടമില്ലാത്തതിനാൽ ആശുപത്രിയിൽ തുടർന്നു. ശിവദാസന്റെ ദയനീയാവസ്ഥ മനസിലാക്കിയ നഴ്സുമാർ പൊതുപ്രവർത്തകരുമായി ബന്ധപ്പെട്ടു. തുടർന്ന് അമ്പലപ്പുഴ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എം.ദീപ, ഗ്രാമ പഞ്ചായത്ത് അംഗം യു.എം.കബീർ,അഭയകേന്ദ്രം ഭാരവാഹികളായ ആരിഫ് സുൽത്താൻ,ആഷിക് മുഹമ്മദ്, അജോ യോഹന്നാൻ,പ്രസാദ്, നഴ്സുമാരായ റെസിമോൾ,ബീന എ.ടി , സജീന എന്നിവരുടെ സാന്നിധ്യത്തിൽ ശിവദാസനെ ഏറ്റെടുത്ത് സ്നേഹവീട്ടിൽ എത്തിച്ചു.