ഹരിപ്പാട്: മുതുകുളം യു.ഐ.ടി കോളേജ് നിലനിർത്തുന്നതിനും സ്ഥലം കണ്ടെത്തി കോളേജിന് കെട്ടിടം നിർമ്മിക്കുന്നതിനും വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും ആശങ്ക പരിഹരിക്കുന്നതിനുമായി രമേശ് ചെന്നിത്തല എം.എൽ.എ ചേരാനിരുന്ന അവലോകന യോഗം മുടങ്ങി. മുതുകുളം പഞ്ചായത്ത് പ്രസിഡന്റിനോട് 5 ന് യോഗം വിളിച്ചു ചേർക്കുവാൻ നിർദ്ദേശം നൽകിയിരുന്നു. എന്നാൽ പഞ്ചായത്ത് പ്രസിഡന്റ് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരെയോ സ്‌കൂളിന്റെയോ കോളേജിന്റെയോ അധികൃതരെയോ മറ്റ് ജനപ്രതിനിധികളെയോ ഇക്കാര്യം അറിയിച്ചില്ല. രമേശ് ചെന്നിത്തല യോഗത്തിൽ എത്തുന്നതിന് ഏതാനം നിമിഷം മുൻപാണ് പഞ്ചായത്ത് പ്രസിഡന്റ് യോഗകാര്യം മറ്റാരെയും അറിയിച്ചിട്ടില്ല എന്നറിയുന്നത്. സ്‌കൂൾ മാനേജ്‌മെന്റിന്റെ സഹകരണത്തോടെ കോളേജ് ഇവിടെ തന്നെ തുടരുവാനും സ്ഥലം കണ്ടെത്തി യു.ഐടി.ക്ക് പുതിയ കെട്ടിടം എം.എൽ.എ ഫണ്ടിൽ നിന്ന് നിർമ്മിക്കുവാനും വിദ്യാർത്ഥികളുടെ ഭാവി സുരക്ഷിതമാക്കുവാനുമാണ് യോഗം വിളിച്ചു ചേർക്കുവാൻ പഞ്ചായത്ത് പ്രസിഡന്റിനോട് ആവശ്യപ്പെട്ടതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. വീണ്ടും യോഗം വിളിക്കാൻ നിർദ്ദേശം നൽകുമെന്നും അദ്ദേഹം അറിയിച്ചു.